കാരുണ്യംതേടി പാട്ടുവണ്ടിയാത്ര
1478271
Monday, November 11, 2024 6:09 AM IST
ചാലക്കുടി: തലയിലെ രക്തധമനികൾപൊട്ടി ചികിത്സയിൽകഴിയുന്ന പരിയാരത്തെ ചുമട്ടുതൊഴിലാളിക്ക് ചികിത്സാസഹായംതേടി പാട്ടുവണ്ടി യാത്ര.
പരിയാരം സ്വദേശി കല്ലേലി ബാബുവിന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനുവേണ്ടിയാണ് പരിയാരം സെന്റ് ജോർജ് പള്ളി വികാരി ഫാ. വിത്സൻ എലുവത്തിങ്കൽ കുനന്റെ നേതൃത്വത്തിൽ പാട്ടുവണ്ടി യാത്രതുടങ്ങിയത്. അസി.വികാരി ഫാ. ക്രിസ്റ്റീൻ പുത്തൻപുരക്കൽ, പരിയാരം സെന്റ് ജോർജ് പള്ളി കേന്ദ്രസമിതി എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവക സമൂഹവും കലാഭവൻ ആന്റുവിന്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ അടങ്ങുന്ന സംഘമാണ് സുമനസുകളുടെ കാരുണ്യംതേടി പാട്ടുവണ്ടിയുമായി പരിയാരം, കോടശേരി, മേലൂർ പഞ്ചായത്തു പ്രദേശങ്ങളിലും ചാലക്കുടി ടൗണിലും എത്തിയത്. വിവിധസ്ഥലങ്ങളിൽ കലാപരിപാടികൾ അവതരിച്ച ശേഷം ജനങ്ങളുടെ സഹായംതേടി. സനീഷ്കുമാർ ജോസഫ് എംഎൽഎ യാത്ര ഉദ്ഘാടനംചെയ്തു. അന്റു കലാഭവൻ, മുരളി ചാലക്കുടി, അജി ടെന്നിസ്, രഞ്ജു ചാലക്കുടി, കണ്ണൻ, സന്ധ്യ, ഷിബിന, രാജാമണി, പ്രദീപ് പൂലാനി, ഷിജു കൊരട്ടി എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. പാട്ടുവണ്ടി വൈകുന്നേരം പരിയാരത്ത് സമാപിച്ചു.
തുടർന്ന് പാട്ടുവണ്ടിയിലൂടെ സമാഹരിച്ച 1,75,000 രൂപ ബാബു കല്ലേലിയുടെ കുടുംബത്തിന് വികാരി ഫാ. വിൽസൺ എലുവത്തിങ്കൽ കൂനൻ കൈമാറി.