എറിത്രോ സൈറ്റാഫെറെസിസ് വഴി സെറിബ്രൽ മലേറിയ ചികിത്സിച്ചുമാറ്റി അമല
1478281
Monday, November 11, 2024 6:09 AM IST
തൃശൂർ: സെറിബ്രൽ മലേറിയ ബാധിച്ചു ഗുരുതരാവസ്ഥയിലായ തൃശൂർ സ്വദേശിയായ 37കാരന്റെ രോഗം എറിത്രോ സൈറ്റാഫെറെസിസ് വഴി ചികിത്സിച്ചുമാറ്റി അമല മെഡിക്കൽ കോളജ്. ഇന്ത്യയിൽ ഇത്തരം ചികിത്സാരീതിയിലൂടെ വിജയംവരിച്ചതായി പഠനങ്ങളില്ലെന്നു അമല മെഡിക്കൽ കോളജ് ജോയിന്റ് ഡയറ്കടർ ഫാ. ജെയ്സൺ മുണ്ടൻമാണി പത്രസമ്മേളനത്തിൽ പറഞ്ഞു.
യുവാവിനെ അമലയിൽ പ്രവേശിപ്പിക്കുന്പോൾ മരുന്നുകൊണ്ട് മാറ്റാൻ പറ്റാത്തത്രയും തീവ്രമായിരുന്നു രോഗം. ശരീരത്തിൽ ചുവന്ന രക്താണുക്കളെക്കാൾ കൂടുതൽ മലേറിയയുടെ അണുക്കൾ പെറ്റുപെരുകിയിരുന്നു. രോഗത്തിന്റെ തീവ്രതമൂലം രോഗി അബോധാവസ്ഥയിലുമായി. 22 യൂണിറ്റ് പായ്ക്ക്ഡ് ചുവന്ന രക്താണുക്കൾ നല്കിയതിലൂടെ പരാന്നഭോജികളുടെ ലോഡ് 44 ശതമാനത്തിൽനിന്ന് 0.2 ശതമാനമായി കുറഞ്ഞു. ഈ പ്രക്രിയയ്ക്കുശേഷമാണു രോഗി മരുന്നിനോടു പ്രതികരിക്കാൻ തുടങ്ങിയത്.
ദാതാക്കളുടെ ചുവന്ന രക്താണുക്കൾമാത്രം ശേഖരിക്കുകയും രക്തത്തിന്റെ മറ്റുഘടകങ്ങൾ ശരീരത്തിലേക്കു തിരികെ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് എറിത്രോസൈറ്റാഫെറെസിസ്. രോഗിയുടെ രക്തത്തിന്റെ മുഴവൻ അളവും ദാതാക്കളിൽനിന്നു ശേഖരിച്ച ചുവന്ന രക്താണുക്കൾ ഉപയോഗിച്ച് മാറ്റിനല്കുന്നു.
അഫെറാസീസ് വഴി ആവശ്യമായ മുഴുവൻ ചുവന്നരക്താണുക്കളും നല്കിയാണു രോഗിയെ മരണത്തിൽനിന്ന് രക്ഷിച്ചത്. പൂർണസൗഖ്യം പ്രാപിച്ച രോഗി വീട്ടിലേക്കു മടങ്ങി. ബിസിനസ് സംബന്ധമായി ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള യാത്രയ്ക്കിടെയായിരിക്കും യുവാവിനു സെറിബ്രൽ മലേറിയ ബാധിച്ചതെന്നു കരുതുന്നു.
പത്രസമ്മേളനത്തിൽ ജനറൽ മെഡിസിൻ പ്രഫ. ഡോ. നാരായണൻ പോറ്റി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ പ്രഫസർ ഡോ. വിനു വിപിൻ, എമർജൻസി മെഡിസിനിലെ ഡോ. ആന്റണി കള്ളിയത്ത്, പിആർഒ ജോസഫ് വർഗീസ് എന്നിവരും പങ്കെടുത്തു.