കേരളം രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി
1478260
Monday, November 11, 2024 6:08 AM IST
തിരുവില്വാമല: ഉന്നതവിദ്യാഭ്യാസ രംഗത്തെ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നം കാണാൻ പോലും കഴിയാത്ത വലിയ പദ്ധതികളാണ് വിദ്യാഭ്യാസരംഗത്ത് എൽഡിഎഫ് സർക്കാരിന് ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞത്. അന്താരാഷ്ട്ര പെരുമയുള്ള സ്ഥാപനങ്ങൾ കേരളത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന് മുന്നിലുള്ള മാതൃകയാണ് കേരളം. തിരുവില്വാമലയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 ൽ ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് ആരോഗ്യ രംഗത്ത് വലിയ തകർച്ചയായിരുന്നു. ആശുപത്രികളിൽ പാവപ്പെട്ട രോഗികൾ എത്തുമ്പോൾ ഡോക്ടറും മരുന്നും ഇല്ലാത്ത അവസ്ഥ. ഇന്ന് കേരളത്തിലെ ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടു. ഔഡി കാറുകൾ പോലും സർക്കാർ ആശുപത്രിയുടെ മുന്നിൽ ഇന്നുകാണാം. സമ്പന്നർ പോലും ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ എത്തുന്നു. കോവിഡ് കാലത്ത് നമ്മുടെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ രാജ്യം മാത്രമല്ല ലോകം മുഴുവൻ അംഗീകരിച്ചു .
നമ്മുടെ ദേശീയപാതാ വികസനത്തിൽ യുഡിഎഫ് ഗവൺമെന്റ് ഒന്നും ചെയ്തിരുന്നില്ല . ദേശീയപാത പലയിടങ്ങളിലും പഞ്ചായത്ത് റോഡിനേക്കാൾ കഷ്ടത്തിലായിരുന്നു . എൽഡിഎഫ് അധികാരത്തിൽവന്ന് കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചപ്പോൾ കേരളത്തിൽ ഭൂമിക്ക് വലിയ വിലയാണ്, ആ വില കൊടുത്ത് ഭൂമിവാങ്ങാനാവില്ല എന്നാണ് പറഞ്ഞത്. 5,600 കോടിയോളം രൂപ നമ്മൾ കൊടുക്കേണ്ടിവന്നു. ഇന്ത്യയിൽ ഒരിടത്തും ഇങ്ങനെ കൊടുത്തിട്ടില്ല. ഏതാനും മാസങ്ങൾ കഴിയുമ്പോൾ നാഷണൽ ഹൈവേയുടെ പണി പൂർത്തീകരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കെ.ആർ. സത്യൻ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, സ്ഥാനാർഥി യു.ആർ. പ്രദീപ് , സി.എസ്. സുജാത, പി.കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.