ആമ്പല്ലൂരിലെ കുരുക്കഴിക്കാൻ പുതിയ ഗതാഗതപരിഷ്കാരം
1478275
Monday, November 11, 2024 6:09 AM IST
ആമ്പല്ലൂർ: അടിപ്പാത നിർമാണം തുടങ്ങിയതു മുതൽ ഗതാഗതക്കുരുക്കിലായ ആമ്പല്ലൂർ സെന്ററിൽ പുതിയ ഗതാഗതപരിഷ്കരണം ഏർപ്പെടുത്തി. വരന്തരപ്പിള്ളി, കല്ലൂർ വഴി ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങളെ മണ്ണുത്തി ഭാഗത്തു നിന്നുള്ള പ്രധാനപാതയുടെ ഒരു വശത്തുകൂടി എതിർദിശയിൽ കടത്തിവിട്ടാണ് പോലീസിന്റെ പുതിയ പരീക്ഷണം. നിലവിൽ പണിയില്ലാത്ത റോഡിൽ നൂറ് മീറ്ററോളം ഭാഗം കോൺക്രീറ്റ് ബ്ലോക്ക്വച്ച് വേർതിരിച്ചിട്ടുണ്ട്. സിഗ്നൽ തുറന്നാൽ ഇതിലൂടെ വരുന്ന വാഹനങ്ങൾക്ക് തെക്കുവശത്തുനിന്ന് സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്കൊപ്പം ദേശീയ പാതയിൽ പ്രവേശിക്കാം. ഞായറാഴ്ച രാവിലെ മുതലാണു പരിഷ്കാരം നടപ്പാക്കിയത്.
ഇക്കാര്യമാവശ്യപ്പെട്ട് മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി, ബസ് ഓണർ അസോസിയേഷൻ എന്നിവർ പോലീസിനും ദേശീയപാത അധികൃതർക്കും നിവേദനം നൽകിയിരുന്നു.
വരന്തരപ്പിള്ളി - കല്ലൂർ ഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ നിലവിൽ ആമ്പല്ലൂർ പെട്രോൾ പമ്പിനു മുൻപിൽ യു-ടേൺ തിരിഞ്ഞാണ് ദേശീയപാതയിൽ പ്രവേശിക്കുന്നത്. ഇത് ചാലക്കുടി ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ കുരുക്കിൽപെടാൻ കാരണമായിരുന്നു.
ചില സമയങ്ങളിൽ 30 മിനിറ്റിലേറെയെടുത്താണു വാഹനങ്ങൾ ആമ്പല്ലൂർ സെന്റർ കടന്നിരുന്നത്. കഴിഞ്ഞ ദിവസത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും വാഹനങ്ങളുടെ നിര പുതുക്കാട് സിഗ്നലും കടന്നുപോവുകയുമുണ്ടായി. ഇതിനെ തുടർന്നായിരുന്നു ആമ്പല്ലൂരിലെ പുതിയ പരിഷ്കാരം നടപ്പാക്കിയത്. മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണസമിതി പ്രവർത്തകരായ സന്തോഷ് ഐനിക്കത്തറ, സന്തോഷ് പുളിഞ്ചോട്, സിന്ധു സന്തോഷ്, സുരേഷ് ചെമ്മനാടൻ, ബസ് ഓണർ അസോസിയേഷൻ പ്രസിഡന്റ് റാഫേൽ മാത്യു, സെക്രട്ടറി എം.വി. ജോബി, സൈറ്റ് എൻജിനീയർ കണ്ണൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
ഈ ഭാഗത്ത് സർവീസ് റോഡ് വീതി കൂട്ടി ഗതാഗതം സുഗമമാക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ വീതി കൂട്ടുന്നതിന് ഇതുവരെ നടപടിയുണ്ടായില്ല. ദേശീയപാതയിലെ ആമ്പല്ലൂർ അടിപ്പാതയുടെ പണി പുതിയ രൂപരേഖ പ്രകാരം മൂന്നു ദിവസത്തിനകം ആരംഭിക്കുമെന്ന് എൻഎച്ച്എ ഐ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ അഞ്ചു ദിവസമായിട്ടും പണി പുനരാരംഭിച്ചിട്ടില്ല.
സർവീസ് റോഡ് വീതികൂട്ടി, വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയാൽ ആമ്പല്ലൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.