മുഹമ്മദാലി ആദത്തിന്റെ സ്മരണയിൽ അന്നമനടയിൽ ‘ഓർമച്ചായം’
1477846
Sunday, November 10, 2024 3:26 AM IST
അന്നമനട: ദേശീയപ്രശസ്തരായ ചിത്രകാരൻമാർപോലും അവരവരുടെ നാടുകളിൽ വേണ്ടത്ര സ്മരിക്കപ്പെടാതെ പോകുമ്പോഴും മുഹമ്മദാലി ആദത്തെ ഓർക്കാനായി ജന്മനാട്ടിൽ ഇത്രയും വലിയ ജനകീയ കലാകൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത് ആവേശകരമായ കാഴ്ചയാണെന്ന് പ്രശസ്ത ചിത്രകാരനും ലളിതകലാ അക്കാദമി ചെയർമാനുമായ മുരളി ചീരോത്ത്.
ചിത്രകാരൻ മുഹമ്മദാലി ആദത്തിന്റെ സ്മരണക്കായി ലളിതകലാ അക്കാദമിയുടെയും അന്നമനട, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ ഓഫ് സ്റ്റേജ് അന്നമനട സംഘടിപ്പിച്ച ഓർമച്ചായം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രമുഖ ചിത്രകാരന്മാരായ പി.വി. നന്ദൻ, പി.ജി. ജയശ്രീ എന്നിവർക്ക് കാൻവാസ് കൈമാറിക്കൊണ്ടാണ് ഓർമച്ചായം സമൂഹചിത്രരചനാ ക്യാമ്പ് അദ്ദേഹം ഉദ്ഘാടനംചെയ്തത്. ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണന് അനുസ്മരണപ്രഭാഷണം നടത്തി. അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എ. ഇക്ബാൽ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, സുരേഷ് മുട്ടത്തി, അഡ്വ.വി.വി. ജയരാമൻ, അഡ്വ.എം.കെ. ഹക്ക്, പി.കെ. കിട്ടൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ. കുമാരൻ, ഒ.സി. മാർട്ടിൻ, കെ.എസ്. പ്രകാശൻ, ശ്രീജ പള്ളം, ബസന്ത് പെരിങ്ങോട്, ഇ.എൻ. ശാന്തി, സജിത്ത് പുതുക്കലവട്ടം, ടി.പി. പ്രേംജി, സെബിൻ ജോസഫ് ഉൾപ്പെടെ മുപ്പതോളം ചിത്രകാരന്മാർ പങ്കെടുത്തു.
സമീപപ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽനിന്നായി ഇരുപതോളം വിദ്യാർഥികളും ചിത്രരചനയിൽ പങ്കാളികളായി.