ആക്രിക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
1477857
Sunday, November 10, 2024 3:27 AM IST
ചാവക്കാട്: അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടിത്തം. അഗ്നിസേനയും പോലീസും നാട്ടുകാരും ചേർന്ന് കഠിന പ്രയത്നത്തിൽ തീയണച്ചു.
എടപ്പാൾ സ്വദേശി മേനോൻ പറമ്പിൽ സഹദേവന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിനോട് ചേർന്നുള്ള ആക്രിക്കടയിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ തീപിടുത്തം ഉണ്ടായത്. പട്ടാമ്പി സ്വദേശി അനസിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്.
തുടർന്ന് പ്രദേശത്ത് കറുത്ത പുക ഉയർന്നു. ഇതിന് സമീപത്തെ പാലയൂർ സ്വദേശി യൂസഫിന്റെ വർക്ക് ഷോപ്പിലേക്കും തീ പടർന്നു. വർക്ക്ഷോപ്പിന്റെ ഓടിട്ട മേൽക്കൂര ഭാഗികമായി നിലംപൊത്തി. ഇവിടെ ഉണ്ടായിരുന്ന ആഡംബര കാറടക്കം അഞ്ചു വാഹനങ്ങൾ നാട്ടുകാരുടെ സഹായത്തോടെ മാറ്റിയിട്ടു. കുറെ സമയം ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന കുട്ടികൾക്ക് പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
കഴിഞ്ഞവർഷവും ഈ സ്ഥാപനത്തിന് തീപിടിച്ചിരുന്നു. സുരക്ഷാ പാലിക്കാതെ അനധികൃതമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു. ഗുരുവായൂർ, നാട്ടിക, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി ഒന്നര മണിക്കൂർ കഠിനശ്രമം നടത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമകൾ പറഞ്ഞു.