ചാലക്കുടി ഫയര്‍സ്റ്റേഷനു കെട്ടിടം: നിർമാണം വിസ്മൃതിയിൽ
1478531
Tuesday, November 12, 2024 7:27 AM IST
ചാലക്കുടി: ചാലക്കുടി ഫയർസ്റ്റേഷന് കെട്ടിടം പണിയാൻ ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സ്ഥലം ലഭിക്കാത്തതിനാല്‍ ആധുനികസൗകര്യങ്ങളോടുകൂടിയ കെട്ടിടം വിസ്മൃതിയിലായി.
തൃശൂര്‍ ജില്ലയില്‍തന്നെ സ്വന്തമായി കെട്ടിടമില്ലാത്ത ഏക ഫയര്‍സ്റ്റേഷനും ചാലക്കുടിയാണ്. 30ഓളം ജീവനക്കാർ ജോലിചെയ്യുന്ന ഇവിടെ രണ്ടുമുറികളിലായി പരിമിതമായ സൗകര്യമാണുള്ളത്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള ജീർണാവസ്ഥയിലായ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിൽ അസൗകര്യങ്ങളോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഫയർസ്റ്റേഷന്റെ വാഹനങ്ങൾ പാർക്കുചെയ്യാൻപോലും സ്ഥലമില്ല.
ഇതിനിടയിലാണ് ജീവനക്കാരുടെ വിശ്രമം. കെട്ടിട നിർമാണത്തിന് സർക്കാർ അഞ്ചുകോടി രൂപ വകയിരുത്തിരുന്നു. മെക്കാനിക്കൽ എന്‍ജിനീയറിംഗ് വര്‍ക്ക്ഷോപ്പ് പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ഫയർസ്റ്റേഷന് കെട്ടിടനിര്‍മാണത്തിനായി നേരത്തെ കണ്ടെത്തിയിരുന്നത്. എന്നാൽ പലകാരണങ്ങൾ കാണിച്ച് ഭൂമി വിട്ടുനല്‍കാന്‍ നിര്‍വാഹമില്ലെന്ന നിലപാടിലാണ് ജലവിഭവവകുപ്പ്. നഗരസഭ പോട്ടയിൽ 50 സെന്റ് സ്ഥലം അനുവദിക്കാമെന്ന് സമ്മതിച്ചെങ്കിലും അവിടെ കമ്മ്യുണിറ്റിഹാൾ പണിയാൻ തീരുമാനിച്ചതോടെ ആ പ്രതീക്ഷയും ഇല്ലാതായി.