രാജ്യസമ്പത്ത് കൊള്ളയടിച്ച് കോർപറേറ്റുകൾക്കു സമ്മാനിക്കുന്നത് കേന്ദ്രസർക്കാർ: വി.ഡി. സതീശൻ
1477981
Sunday, November 10, 2024 6:37 AM IST
തിരുവില്വാമല: രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് കോർപറേറ്റ് സ്ഥാപനങ്ങൾക്കു സമ്മാനിക്കുന്ന ഇടനിലക്കാരുടെ ജോലിയാണ് നരേന്ദ്രമോദിയുടെ ഭരണകൂടം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചേലക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവില്വാ മല ടൗൺ ബസ് സ്റ്റാൻ ഡിൽ യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബാനിമാരും അദാനിമാരും ഉണ്ടാക്കിയെടുക്കുന്ന അവരുടെ ലോകത്താണ് ഇവർ ജീവിക്കുന്നത്.
നമ്മൾ രാജ്യത്ത് രണ്ടുശക്തികളെയാണു നേരിടുന്നത്. ഒന്ന് ദേശീയതലത്തിൽ വർഗീയത മാത്രം മുഖമുദ്രയാക്കിയ സംഘപരിവാർ സർക്കാർ. നമ്മൾ ഒരുമിച്ച് ജീവിക്കുന്നതുകണ്ടാൽ, നടക്കുന്നതുകണ്ടാൽ അവർക്കു സഹിക്കില്ല. അവിടെവന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കി ശത്രുക്കളാക്കി അതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.
നമ്മളെ പരസ്പരം എങ്ങനെ ശത്രുക്കളാക്കാം എന്നതിന്റെ ഗവേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന സൂചനയാണുവരുന്നത്. സ്വാതന്ത്ര്യ ത്തിനുശേഷം ഏറ്റവും വലിയ തൊഴിലില്ലായ്മയാണു നേരിടുന്നത്. കർഷകർ വലിയപ്രയാസങ്ങൾ നേരിടുകയാണ്. കാർഷിക മേഖല തകർന്നു തരിപ്പണമായി. ചെറുകിട ഇടത്തരം വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു.
ഇവിടെ അനിയൻ മോദിയുടെ ഭരണമാണ് പിണറായി ഭരണം. ഖജനാവിൽ അഞ്ചുനയാപൈസയില്ല. അക്ഷരാർഥത്തിൽ കാലിയാണ്. കേരളത്തിൽ പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളത്തിന്റെ ഖജനാവാണ്. അഞ്ചുലക്ഷത്തിന് മുകളിലുള്ള ഒരു ചെക്കും പാസാവില്ല.- അദ്ദേഹം പറഞ്ഞു.
എം. ഉദയൻ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഫൈസൽ ബാബു, ജോസ് വള്ളൂർ, കെ. പത്മജ എന്നിവർ പ്രസംഗിച്ചു.