കാട്ടാനകൾ കൃഷി നശിപ്പിച്ചു
1478269
Monday, November 11, 2024 6:09 AM IST
അതിരപ്പിള്ളി: വിവിധ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പറമ്പുകളിലിറങ്ങിയ ആനകൾ പത്തോളം തെങ്ങുകളും നിരവധി വാഴ, കവുങ്ങ്, റബർ തുടങ്ങിയ വിവിധ കാർഷികവിളകളും നശിപ്പിച്ചു. അരൂർമുഴി വരടക്കയം പാറെക്കാട്ട് വീട്ടിൽ സിജു മാനുവൽ, ഞർളക്കാട്ട് വീട്ടിൽ ജോസഫ്,നെടുങ്ങാട്ട് വീട്ടിൽ റോസി, അതിരപ്പിള്ളി പഞ്ചായത്തിന് പിന്‍വശത്തു താമസിക്കുന്ന കൈതവളപ്പിൽ ശശിധരൻ, ഒന്നാംവാർഡിലെ കളത്തിപറമ്പൻ രഞ്ജൻ, ഇടത്താടൻ മോഹൻദാസ്, തെഴുത്തിങ്ങൽ ശിവദാസൻ എന്നിവരുടെ പറമ്പുകളിൽ കയറിയാണ് ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചത്. ഒരാഴ്ചക്കിടെ മൂന്നാംതവണയാണ് ഈ ഭാഗങ്ങളിൽ ആനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. പുഴ കടന്നാണ് ആനകൾ പറമ്പുകളിലേക്ക് എത്തുന്നത്. ആനകൾ പറമ്പിൽകയറി കൃഷിനശിപ്പിക്കുന്ന ശബ്ദംകേട്ടെങ്കിലും വീട്ടുകാർ ഭീതിമൂലം പുറത്തിറങ്ങിയില്ല. മാസങ്ങളായി ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. നിരവധി കർഷകരുടെ കൃഷിയാണ് ആനകൾ നശിപ്പിച്ചത്. മലയോര മേഖലയായ ഇവിടെ കൃഷിയാണ് ഉപജീവനമാർഗം.
നിരന്തരം വന്യമൃഗങ്ങളിറങ്ങി കൃഷി നശിപ്പിച്ചതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. വീട്ടുമുറ്റത്തുപോലും ആനകളും പുലിയും ഇറങ്ങി ഭീതിപരത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാർഷിക വിളകൾ വ്യാപകമായി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്.
നിരവധിതവണ പരാതി നൽകിയിട്ടും കാട്ടാനശല്യത്തിന് പരിഹാരമില്ലാത്ത സ്ഥിതിയിൽ കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ. എന്നാൽ വനപാലകരും വാച്ചർമാരും കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പലസ്ഥലങ്ങളിലായി ആനകൾ ഇറങ്ങുന്നതിനാൽ ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.