കോടതി ഇടപെടലിൽ പ്രതീക്ഷ
1478280
Monday, November 11, 2024 6:09 AM IST
തൃശൂർ: പീച്ചി അണക്കെട്ട് അശാസ്ത്രീയമായി തുറന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരായ പരാതി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിൽ ഉദ്യോഗസ്ഥർക്കു നോട്ടീസ് അയച്ചു. ലോകായുക്തയിൽ ഇന്നു പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ കളക്ടർക്കു നൽകിയ പരാതിയിൽ സബ് കളക്ടർ അന്വേഷണം പൂർത്തിയാക്കി 44 കോടി രൂപയാണ് നഷ്ടമെന്നു കണ്ടെത്തി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. റൂൾ കർവ് പാലിച്ചെങ്കിൽ ഡാം തുറക്കേണ്ടി വരില്ലെന്നു കളക്ടറുടെ റിപ്പോർട്ടുമുണ്ട്. ഡാം തുറക്കുന്നതിനുമുന്പ് ചേർന്ന യോഗത്തിലും റൂൾകർവ് പാലിക്കണമെന്നു കർശനനിർദേശമുണ്ട്. ഇത് ഇറിഗേഷൻ വിഭാഗം പാലിച്ചില്ല.
ചെറിയ അണക്കെട്ടായതിനാൽ റൂൾകർവ് വേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്. അതേസമയം, റൂൾ കർവ് പാലിക്കണമെന്നു വ്യക്തമാക്കി ഇറിഗേഷൻ ഉദ്യോഗസ്ഥർ കളക്ടർക്കു കത്തുനൽകിയത് എന്തിനാണെന്ന ചോദ്യവും ഉയരുന്നു. സബ് കളക്ടറുടെ റിപ്പോർട്ട് തൃശൂർ ജില്ലാ കളക്ടർ സർക്കാരിനു സമർപ്പിച്ചെങ്കിലും മൂന്നുമാസമായിട്ടും നടപടിയെടുത്തിട്ടില്ല.