ദാ, ശക്തൻ മേക്ക് ഓവർ..!
1467817
Saturday, November 9, 2024 7:51 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കാത്തിരിപ്പുകൾക്കു വിരാമം. ശക്തൻനഗർ സമഗ്ര മാറ്റ ത്തിനൊരുങ്ങി. ആധുനിക മാസ്റ്റർപ്ലാനിന്റെ ആദ്യഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാകും. 1987 മുതൽ പരിഹരിക്കാതെ കിടന്നിരുന്ന എനാർക്ക് കണ്‍സ്ട്രക്ഷനും പഴയ മുനിസിപ്പാലിറ്റിയും തമ്മിലുള്ള കേസ് കഴിഞ്ഞ രണ്ടിന് അവസാനിപ്പിച്ചതോടെയാണ് വർഷങ്ങൾനീണ്ട കാത്തി രിപ്പിന് വിരാമമായത്.
ഇതിന്റെ ഭാഗമായി എനാർക്ക് കണ്‍സ്ട്രക്ഷൻ തയാറാക്കിയ ശക്തൻ നഗർ മാസ്റ്റർപ്ലാൻ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൗണ്‍സിൽ ഹാളിൽ പഠനവിധേയമാക്കും. ആവശ്യമായ നിർദേശങ്ങൾ കൂട്ടിച്ചേർക്കുന്നതിനും അല്ലാത്തവ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പ്ലാൻ അവതരിപ്പിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളുള്ള ബസ്സ്റ്റാൻഡ്, ഭാവിയിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാവുന്ന വാണിജ്യസമുച്ചയം, മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം, പച്ചക്കറി, മീൻ, മാംസം തുടങ്ങിയവയ്ക്ക് ഗൾഫ് മാതൃകയിലുള്ള വില്പനസംവിധാനം, ശൗചാലയങ്ങൾ തുടങ്ങിയ ഒട്ടേറെ പദ്ധതികൾ ഇതിന്റെ ഭാഗമാകും.
ശക്തൻ നഗറിൽ 37 വർഷങ്ങൾക്കുമുന്‍പാണ് കാലഘട്ടത്തിനുസൃതമായ പച്ചക്കറി മാർക്കറ്റ് ആൻഡ് ഷോപ്പിംഗ് കോംപ്ലക്സിനുള്ള പ്ലാൻ, എസ്റ്റിമേറ്റ്, ലേ ഔട്ട് എന്നിവയ്ക്കായി അന്നത്തെ കൗണ്‍സിൽ തീരുമാനപ്രകാരം എനാർക്ക് കണ്‍സ് ട്രക്ഷനെ ചുമതലപ്പെടുത്തിയത്. 1999ൽ തയാറാക്കിയ പൂർണരൂപത്തിലുള്ള പ്ലാൻ അന്നത്തെ മുനിസിപ്പാലിറ്റി അംഗീകരിച്ചു.
15 കോടി രൂപയുടെ ഡിപിആർ തയാറാക്കിയതിന് 2.33 ശതമാനപ്രകാരം 35 ലക്ഷത്തോളം രൂപയാണ് എനാർക്കിന് നൽകാനുണ്ടായിരുന്നത്. രണ്ടായിരാമാണ്ടിൽ വിവിധ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് കോർപറേഷൻ രൂപീകരിച്ചു. അന്നത്തെ കോണ്‍ഗ്രസ് കൗണ്‍സിലിലെ ഒരുവിഭാഗം എതിർത്തതോടെ എനാർക്കിനുള്ള തുക നൽകുന്നത് നീണ്ടു. ഇതാണ് നിയമനടപടികളിലേക്ക് വഴിയൊരുക്കിയത്. ഈ വിഷയം പരിഹരിച്ചതോടെ ശക്തൻ നഗറിൽ വികസനം കൊണ്ടുവരാൻ കഴിയുമെന്ന പൂർണപ്രതീക്ഷയിലാണ് ഭരണമുന്നണി.