വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പേരിൽ അനധികൃതപണപ്പിരിവെന്ന് പരാതി
1467816
Saturday, November 9, 2024 7:51 AM IST
തൃശൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ പേരില്‍ അനധികൃതമായി വിവിധ പദ്ധതികള്‍ക്കായി നേതാക്കള്‍ പണംപിരിച്ചെന്നു പരാതി.
സംഘടനാബാനറില് പണംപിരിച്ചശേഷം സ്വന്തം പേരില്‍ കമ്പനികളുണ്ടാക്കി പണംതട്ടുകയാണെന്നു ഗുരുവായൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടി.എൻ.മുരളി, ജനറൽ സെക്രട്ടറി റഹ്മാൻ തിരുനെല്ലൂർ, ട്രഷറർ കെ. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സംഘടനയുടെ സംസ്ഥാനനേതൃത്വം ഇത്തരം പിരിവിന് അനുമതി നല്‍കിയിട്ടില്ലെന്നും പണപ്പിരിവ് തൃശൂര്‍ ഒന്നാംക്ലാസ് അഡീഷണൽ മുന്‍സിഫ് കോടതി നിരോധിച്ചതായും ഇവർ വ്യക്തമാക്കി.
30,000 വ്യാപാരികളെ അംഗങ്ങളാക്കി രൂപീകരിച്ച ബെനവലന്റ് സൊസൈറ്റിയില്‍ ഒരാളില്‍നിന്നു 4000 രൂപവീതം 12 കോടി രൂപയാണു പിരിച്ചെടുത്തത്. ഏതാനും നേതാക്കളും താത്പര്യക്കാരും മാത്രമുള്ള സൊസൈറ്റിയാണു രൂപീകരിച്ചത്. അതിന്റെ പേരില്‍ ഹോട്ടല്‍ ശൃംഖലയുണ്ടാക്കി തുക വകമാറ്റി നഷ്ടക്കണക്കുണ്ടാക്കി.
കേരളത്തിനകത്തും പുറത്തും ഭൂമി വാങ്ങിയതില്‍ അന്വേഷണം വേണം. ഭദ്രം കുടുംബപദ്ധതിയില് വ്യാപാരി മരിച്ചാല്‍ പത്തുലക്ഷം രൂപ നല്‍കാനായി, ഒരാള്‍ മരിച്ചാല്‍ ഓരോ വ്യാപാരിയും നൂറുരൂപവീതം നല്‍കണം. ഇതനുസരിച്ച് 30 ലക്ഷം രൂപ ലഭിക്കും. ഇതില്‍ പത്തുലക്ഷംമാത്രം കുടുംബത്തിനു നല്കി ബാക്കി 20 ലക്ഷം നേതാക്കളുടെ കമ്പനിയിലേക്കു മാറ്റുകയാണ്. ഇതുവരെ 60 കോടി രൂപയാണു മാറ്റിയത്. ആറുവര്‍ഷമായി കമ്പനി നഷ്ടത്തിലാണെന്നും പറയുന്നു. സൊസൈറ്റിയുടെ കണക്ക് എവിടെയും നല്‍കിയിട്ടുമില്ല. ഇത്തരം കാര്യങ്ങള്‍ ചോദ്യംചെയ്തതിനു തങ്ങൾക്കു വ്യാപാരിവ്യവസായി ഏകോ പനസമിതിയിൽ അംഗത്വം പുതുക്കിനല്കിയില്ലെന്നും ഇവർ പറഞ്ഞു.