ജില്ലയിലെ സഹ. ബാങ്കുകളിൽ നടക്കുന്നത് 1000 കോടിയുടെ തട്ടിപ്പ്: ബിജെപി
1467815
Saturday, November 9, 2024 7:51 AM IST
തൃശൂർ: ജില്ലയിലെ സഹകരണമേഖലയിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഭരിക്കുന്ന സംഘങ്ങളിൽ നടക്കുന്നത് 1000 കോടിയുടെ ക്രമക്കേടുകളും തട്ടിപ്പുകളുമാണെന്നു ബിജെപി തൃശൂർ ജില്ലാ സഹകരണ സെൽ ആരോപിച്ചു. ഇതിൽ 700 കോടിയോളം രൂപ സഹകാരികളിൽനിന്നും തട്ടിയെടുത്ത് സഹകരണസംഘങ്ങളെ തകർത്തുകൊണ്ടിരിക്കുകയാണ്.
ഇരിങ്ങാലക്കുടയിലെ കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് അധികൃതരുടെ ഭീഷണിമൂലം പട്ടിക ജാതിക്കാരനായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കരുവന്നൂരിൽ രണ്ടുപേരും ആത്മഹത്യ ചെയ്തു. ഇതിനുപുറമെ കരുവന്നൂരിൽ 10 പേർ ചികിത്സയ്ക്കു പണംകിട്ടാതെ മരിച്ചു. തട്ടിപ്പു നടത്തിയവരുടെ പക്കൽനിന്നും പണം ഈടാക്കുന്നതിനുപകരം, നിയമാനുസൃതം വായ്പ എടുത്ത സാധാരണക്കാരായ സഹകാരികളെ ഭീഷണിപ്പെടുത്തി പണംകണ്ടെത്താൻ ശ്രമിച്ചതുമൂലമാണ് ഈ മൂന്ന് ആത്മഹത്യകളും സംഭവിച്ചത്.
ഇടതുവലത് രഹസ്യബാന്ധവത്തിന്റെ ഉത്തമ ഉദാഹരണമാണ് ഞെട്ടിക്കുന്ന ഈ സഹകരണ കൊള്ള. സഹകരണ ഡിപ്പാർട്ടുമെന്റ് സെക്ഷൻ 68 പ്രകാരം അറ്റാച്ച് ചെയ്ത പ്രതികളുടെ സ്ഥാവരജംഗമവസ്തുക്കൾ അടിയന്തരമായി ലേലംചെയ്ത് സഹകാരികളെയും സഹകരണസ്ഥാപനങ്ങളെയും സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ക്രമക്കേടുകൾ നടത്തുന്ന സ്ഥാപനങ്ങളിലെ പ്രതികൾക്ക് എതിരേ പോലീസ് കേസെടുത്തു മറ്റു നിയമനടപടികൾ സ്വീകരിക്കണമെന്നും ബിജെപി സഹകരണ സെൽ ആവശ്യപ്പെട്ടു.
തൃശൂർ, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ നിയമസഭാ മണ്ഡലങ്ങളിലെ സഹകരണസ്ഥാപനങ്ങളിലെ പണം നഷ്ടപ്പെട്ട ഏകദേശം രണ്ടുലക്ഷത്തോളം കുടുംബാംഗങ്ങൾക്കു നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കാൻ മോദിയുടെ ഗാരന്റിയിലൂടെ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായും ബിജെപി സഹകരണ സെൽ അറിയിച്ചു.