കാലംതെറ്റി കതിരിട്ട നെല്ല് കർഷകരെ ആശങ്കയിലാക്കുന്നു
1467486
Friday, November 8, 2024 6:46 AM IST
കുന്നംകുളം: ചാലിശേരി പാടശേഖരങ്ങളിൽ രണ്ടുമാസം മുന്പുനട്ട പൊൻമണി നെല്ല് ഒരു മാസം നേരത്തേ കതിരിട്ടു. 3000 കിലോയോളം പൊൻമണി വിത്താണ് ചാലിശേരിയിലെ വിവിധ പാടശേഖരങ്ങളിൽ കൃഷി ചെയ്തിട്ടുള്ളത്. പലയിടത്തും രണ്ടാം വളപ്രയോഗം പോലും നടത്തിയിട്ടില്ല.
നെൽച്ചെടികൾ മൂപ്പ് എത്തുന്നതിനു മുൻപു കതിർവരുന്നതു വിളവിനെ പ്രതികൂലമായി ബാധിക്കുമെന്നു കർഷകർ പറയുന്നു. നെൽമണികളുടെ ഭാരം കുറയുമെന്നാണ് ആശങ്ക.
കഴിഞ്ഞവർഷവും ഇതേ പ്രശ്നം കർഷകർ നേരിട്ടിരുന്നു. ഒരേക്കറിൽ നിന്നും ശരാശരി 1800-2200 കിലോ നെല്ല് ലഭിച്ചിരുന്ന പാടശേഖരങ്ങളിൽ അത്രയും ലഭിച്ചിരുന്നില്ല. നേരത്തെ വിളയുന്ന ചെടികളിൽ നിന്നും ലഭിക്കുന്ന നെല്ലിനു തൂക്കം കുറയുന്നതാണു കാരണം.
സർക്കാർ വിതരണം ചെയ്യുന്ന വിത്തിൽ കലർപ്പു വരുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നു കർഷകർ പറയുന്നു. ഏത് പ്രതികൂല കാലാവസ്ഥയിലും മികച്ച വിളവു തരുന്നതാണു പൊൻമണി വിത്ത്. എന്നാൽ പൊൻമണിയെന്ന പേരിൽ കൃഷിവകുപ്പ് ഇപ്പോൾ വിതരണം ചെയ്തിരിക്കുന്നത് മറ്റേതോ ഇനമാണെന്നു കർഷകർക്കു സംശയമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് പൊൻമണി വിത്ത് എത്തിക്കുന്നത്. സർക്കാർ ഫാമുകളിൽ നിന്ന് ആവശ്യത്തിനു ലഭിക്കാതിരിക്കുമ്പോൾ സ്വകാര്യ ഏജൻസികൾ വഴി എടുക്കുന്നതാണ് പ്രശ്നമെന്ന് ഇവർ പറയുന്നു.
നെല്ല് അതിവേഗം കതിരിട്ടത് പരിശോധിക്കാൻ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും കൃഷി ഉദ്യോഗസ്ഥരും പാടശേഖരങ്ങളിൽ എത്തി. തൃത്താല എഡിഎ മാരിയത്ത് കിബിത്തിയ്യ, കൃഷി ഓഫീസർ സുദർശൻ രാമകൃഷൻ, ചാലിശേരി പാടശേഖര സമിതികളുടെ കോ ഓർഡിനേറ്റിംഗ്് പ്രസിഡന്റ്് സുനിൽ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം കൊടുത്തു. പരിശോധ നടത്തി കണ്ടെത്തിയ കാര്യങ്ങൾ റിപ്പോർട്ടായി സമർപ്പിക്കുമെന്ന് എഡിഎ പറഞ്ഞു. വിത്തിൽ കലർപ്പുണ്ടായതാണോ കാലാവസ്ഥ വ്യതിയാനമാണോ കാരണമെന്ന് പരിശോധിച്ച ശേഷമേ അറിയാൻ സാധക്കുകയുള്ളൂ എന്നും അവർ പറഞ്ഞു.
അതിവേഗം കതിരിട്ടതുമൂലം വിളവിലുണ്ടാകുന്ന നഷ്ടം 60 ലക്ഷത്തോളം വരുമെന്നാണ് സൂചന. പല കർഷകർക്കും ചെലവാക്കിയ പണം പോലും തിരികെ ലഭിക്കില്ല.