കേന്ദ്രമന്ത്രിയുടെ ഇടപെടൽ ഫലംകണ്ടു ; ഡീലർമാർക്കുള്ള ആദ്യലോഡ് വളമെത്തി
1467483
Friday, November 8, 2024 6:46 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിലെ രാസവളം ക്ഷാമത്തിനു ഉടനടി പരിഹാരമുണ്ടാകണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കർശനനിർദേശം ഫലംകണ്ടു. ഇന്നലെ കൊ ച്ചിയിലെ എഫ്എസിടിയിൽനിന്ന് ആദ്യ ലോഡ് വളമെത്തി. മാർക്കറ്റിംഗ് ഫെഡറേഷനാണ് പറപ്പൂർ, അന്നകര എന്നിവിടങ്ങളിലെ ഡീലർമാർക്ക് രാസവളമെത്തിച്ചത്. കൊച്ചിയിലെ ഡിപ്പോയിൽനിന്ന് വരുംദിവസങ്ങളിൽ കൂടുതൽ വളമെത്തിക്കും.
ജില്ലയിലെ രാസവളം ക്ഷാമത്തിനു പരിഹാരംകാണണമെന്നാവശ്യപ്പെട്ടു അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ്- പെസ്റ്റിസൈഡ്സ് ആൻഡ് സീഡ്സ് ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു പരാതിനൽകിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിൽനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് കർശനനിർദേശം നൽകിയത്.
വളമെത്തിക്കാൻ കരാറുകാരില്ലെന്ന മുടന്തൻന്യായമാണ് ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയോടും പറഞ്ഞത്. വളമെത്തിച്ചില്ലെങ്കിൽ കർശനനടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് ഇന്ന് മാർക്കറ്റിംഗ് ഫെഡറേഷൻവഴി ആദ്യ ലോഡ് എത്തിച്ചത്.
കോൾ മേഖലയിലടക്കം ആദ്യവളമായി ഉപയോഗിക്കുന്നത് എഫ്എസിടിയുടെ ഫാക്ടംഫോസ് ആണ്. അമോണിയം സൾഫേറ്റ്, പൊട്ടാഷ്, 15:15:15 കോംപ്ലക്സ് എന്നിവയ്ക്കു പുറമേ ജൈവ വളങ്ങളും ഉപയോഗിക്കുന്നു. എഫ്എസിടിക്ക് തൃശൂരിൽ 1,500 ടണ്‍വരെ സംഭരണശേഷിയുള്ള സ്വന്തം ഗോഡൗണുകളുണ്ട്. രണ്ട് ഓഫീസർമാർ ജോലിക്കുണ്ടെങ്കിലും കൃഷി സജീവമാകുന്ന സമയത്ത് വളമെത്തിക്കുന്നില്ലെന്നാണ് ആരോപണം.