ചാലക്കുടി നഗരസഭ: മൊബൈൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തകരാർ പരിഹരിച്ച് ഉടനെ പ്രവർത്തനം ആരംഭിക്കും
1467475
Friday, November 8, 2024 6:46 AM IST
ചാലക്കുടി: നഗരസഭയുടെ മൊബെെൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മാറ്റങ്ങൾവരുത്തി 25 ദിവസംകഴിഞ്ഞ് പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ എബി ജോർജ് അറിയിച്ചു. ഇതുസംബന്ധിച്ച് പ്രതിപക്ഷ ആരോപണം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ഒരു മോഡൽ പദ്ധതി എന്ന നിലയിൽ പ്രവർത്തനഘട്ടത്തിൽ കണ്ടെത്തിയ ചില പോരായ്മകൾ പരിഹരിക്കുന്നതിനാണ് മൊബൈൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇപ്പോൾ ഉപയോഗിക്കാതിരിക്കുന്നത് ചെയർമാൻ പറഞ്ഞു. മാലിന്യസംസ്കരണത്തിൽ നാട് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നഗരസഭ യാഥാർഥ്യമാക്കാൻ നിശ്ചയിച്ചത്.
കേന്ദ്ര സർക്കാരിന്റെ അംഗീകൃതസ്ഥാപനമായ ഡിണ്ടിഗലിലെ വാഷ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച്, തിരുവനന്തപുരത്തെ ഭൗമ ഇൻസ്റ്റിറ്റ്യൂട്ടാണ് വാഹനത്തിൽ സജ്ജമാക്കിയ ഈ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിച്ചത്.
പൂർണമായും സംസ്ഥാന ശുചിത്വമിഷന്റെ മാർഗനിർദേശങ്ങളും അനുമതിയും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വാഹനമുൾപ്പെടെ 45 ലക്ഷം രൂപ ചെലവിൽ പ്ലാന്റ് നിര്മിച്ചത്.
മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനംചെയ്ത ട്രീറ്റ്മെന്റ് പ്ലാന്റ് എല്ലാ നഗരസഭകളും ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും സർക്കാർ മാർഗനിർദേശത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ചാലക്കുടി നഗരസഭ പ്ലാന്റ് പ്രവർത്തനമാരംഭിച്ചതിനുശേഷം 17 സ്ഥലങ്ങളിൽ ഇത് പ്രവർത്തിച്ചിട്ടുണ്ട്. ട്രീറ്റ്മെന്റിനുശേഷം അവശേഷിക്കുന്ന ദ്രാവകരൂപത്തിലുള്ള മാലിന്യം നിർമാർജനം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് നേരിടുന്നതായാണ് ബോധ്യപ്പെട്ടത്.
ഇത് പരിഹരിക്കുന്നതിന് മാലിന്യം ഖരരൂപത്തിലാക്കുന്നതിനുള്ള ഒരുസംവിധാനം കൂടി പ്ലാന്റിൽ ഉൾപ്പെടുത്തുവാൻ നിർദേശമുണ്ടായതും ഇത് കൗൺസിൽ അംഗീകരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചതുമായിരുന്നു.
പുതിയ സംവിധാനം ഒരുക്കുന്നതിനായ് അടുത്തദിവസംതന്നെ പ്ലാന്റ് ഉൾപ്പെടുന്ന വാഹനം ബംഗളൂരിലേക്ക് കൊണ്ടുപോകും.
പത്രസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, ഹെൽത്ത് ചെയർമാൻ ദിപു ദിനേശ്, വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, പ്രീതി ബാബു എന്നിവരും പങ്കെടുത്തു.