ചിറങ്ങര റെയിൽവേ മേൽപ്പാലം: ഭാരപരിശോധന പുരോഗമിക്കുന്നു
1467121
Thursday, November 7, 2024 2:23 AM IST
കൊരട്ടി: നിർമാണം അവസാന ലാപ്പിലെത്തി നിൽക്കുന്ന ചിറങ്ങര റെയിൽവേ മേൽപ്പാലത്തിൽ ഭാരപരിശോധന തുടങ്ങി. പാലത്തിനു മുകളിൽ 250 ടൺ ഭാരം കയറ്റിവച്ചാണ് ഭാരപരിശോധന നടത്തുന്നത്. ഇതിനായി വലിയ കോൺക്രീറ്റ് ബ്ലോക്കുകൾ ലോറികളിലെത്തിച്ചാണ് നിർദിഷ്ട ഇടങ്ങളിൽ വച്ചിരിക്കുന്നത്. ഒന്നര ദിവസം നീണ്ടുനിൽക്കുന്ന പരിശോധന ഇന്ന് വൈകീട്ടോടെ പൂർത്തിയാകും.
തുടർന്ന് റെയിൽവേ അധികൃതരുടെ അനുമതി ലഭിക്കണം. ടാറിംഗിനു പുറമെ പെയിന്റിംഗ്, സോളാർ വിളക്കുകൾ, നടപ്പാത, ബാറ്ററി റൂം അടക്കമുള്ള പ്രവർത്തികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. സോളാർ പാനലുകളും സ്ഥാപിച്ചു കഴിഞ്ഞു. റെയിൽവേ ട്രാക്കിനു മുകളിലെ പാർശ്വഭിത്തികളുടെ പണിയും താഴെ ഡ്രൈനേജിന്റെ നിർമാണവും നടക്കുകയാണ്. താഴെ ഓപ്പൺ ജിംനേഷ്യത്തിനായി ഉപയോഗപ്പെടുത്തുവാനുള്ള അനുമതിക്ക് പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്.
എന്നാൽ 15ന് റെയിൽവേമേൽപ്പാലം നാടിനു സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇനിയും നീളാനാണ് സാധ്യത. തിരുവനന്തപുരത്ത് വച്ച് കൊരട്ടി പഞ്ചായത്ത് ജനപ്രതിനിധികളുമായി നടന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ ചർച്ചയിലാണ് നിർമാണം അടിയന്തിരമായി പൂർത്തിയാക്കാൻ ആർബിഡിസി ക്ക് നിർദ്ദേശം നൽകിയതും 15ന് തുറന്നുകൊടുക്കാൻ ധാരണയായതും. 12 മാസത്തെ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനത്തിലായിരുന്നു 2021 ജനുവരിയിൽ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ നിർമാണം ത്വരിതഗതിയിൽ നടന്നെങ്കിലും പിന്നീട് മന്ദഗതിയിലായി. കരാർക്കമ്പനിക്ക് പണം ലഭിക്കാഞ്ഞതും നിർമാണം ഇഴയാൻ കാരണമായി. ട്രാക്കിനു മുകളിലെ സ്പാനുകൾ സ്ഥാപിക്കാൻ റെയിൽവേയിൽ നിന്നും അനുമതിക്കായി ചെറിയ കാലതാമസം നേരിട്ടിരുന്നു. റെയിൽ ക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആരംഭിച്ച പത്തു മേൽപ്പാലങ്ങളിലൊന്നായിരുന്നു ചിറങ്ങരയിലേത്. സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 22.61 കോടി രൂപ വിനിയോഗിച്ച് 298 മീറ്റർ ദൂരമുള്ള പാലത്തിൻ്റെ നിർമാണ ചുമതല ആർബിഡിസിക്കാണ്.
ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന നവകേരള സദസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുതുവത്സര സമ്മാനമായി ചിറങ്ങര റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. പിന്നീട് തിരുവോണത്തിനു മുമ്പ് പാലം തുറക്കുമെന്ന വാഗ്ദാനവും ഫലം കണ്ടില്ല. കൊരട്ടിമുത്തിയുടെ തിരുനാളിന് മുമ്പ് തുറക്കുമെന്നായിരുന്നു അടുത്ത വാഗ്ദാനം. ഇതും പാഴ്വാക്കായതോടെയാണ് നവംബർ 15ന് നാടിന് സമർപ്പിക്കുമെന്ന് അറിയിച്ചത്.