എവിടെ ആ തുക? റോഡുപണിക്കു മാറ്റിവച്ച തുക എന്തുചെയ്തു: രാജൻ പല്ലൻ
1461268
Tuesday, October 15, 2024 6:29 AM IST
തൃശൂർ: റോഡുപണിക്കുവേണ്ടി മാറ്റിവച്ച തുക മേയറും ഭരണപക്ഷവും പൊതുമരാമത്ത് മന്ത്രിയും എന്താണു ചെയ്തതെന്നു വ്യക്തമാക്കണമെന്നു കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ. റോഡിലെ കുഴികൾ കറുത്ത തുണികൊണ്ടു മൂടിയും കുഴികളിൽ തെങ്ങിൻതൈകൾ നട്ടും കോൺഗ്രസ് കൗൺസിലർമാർ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
റോഡുപണിക്കു കോടിക്കണക്കിനു രൂപയുടെ കൗൺസിൽ അംഗീകാരം ലഭിച്ചിട്ടും യാതൊരു പ്രവൃത്തികളും നടന്നിട്ടില്ല. വർഷക്കാലത്തിനുമുമ്പേ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ നിരന്തരം ആവശ്യപ്പെടുകയും കത്തുകൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. സംസ്ഥാന സർക്കാരും കോർപറേഷനും ജനങ്ങളോടു കാണിക്കുന്നത് കടുത്ത അനീതിയാണെന്നും രാജൻ പല്ലൻ ആരോപിച്ചു.
കിഴക്കേകോട്ടയിൽനിന്നു പ്രതിഷേധ പ്രകടനമായെത്തി ഇക്കണ്ടവാര്യർ റോഡിലെ പൗരസമിതി റൗണ്ട് എബൗട്ടിനുസമീപമാണു വാഴനട്ടു പ്രതിഷേധം സംഘടിപ്പിച്ചത്.
ഡെപ്യൂട്ടി ലീഡർ ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, ശ്യാമള മുരളീധരൻ, സിന്ധു ആന്റോ ചാക്കോള, ലീലാ വർഗീസ്, ലാലി ജെയിംസ്, വിനീഷ് തയ്യൽ, എൻ.എ. ഗോപകുമാർ, സുനിതാ വിനു, മണ്ഡലം പ്രസിഡന്റ് ജോർജ് ചാണ്ടി, ജേക്കബ് പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.