ഗുരുവായൂരിൽ ദർശനത്തിനും തിരുവോണസദ്യക്കും തിരക്ക്
1453791
Tuesday, September 17, 2024 1:51 AM IST
ഗുരുവായൂർ: തിരുവോണനാളിൽ ദർശനത്തിനും തിരുവോണസദ്യയിൽ പങ്കെടുക്കാനും ആയിരങ്ങളെത്തി. പുലർച്ചെ നിർമാല്യം മുതൽ തിരക്കനുഭവപ്പെട്ടു. തിരക്ക് കണക്കിലെടുത്ത് ദേവസ്വം പ്രത്യേക വരിസംവിധാനങ്ങൾ ഒരുക്കി. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ചതിരിഞ്ഞ് ഗുരുവായൂർ ശശിമാരാരും മേളത്തിനു നേതൃത്വം നൽകി.
കൊമ്പൻ ഇന്ദ്രസെന്നും രാജശേഖരനും കോലമേറ്റി. രാവിലെ ഒന്പതുമുതൽ തിരുവോണസദ്യ തുടങ്ങി. പഴം പ്രഥമൻ ഉൾപ്പടെയുള്ള വിഭവങ്ങളാണു സദ്യക്ക് വിളമ്പിയത്. വൈകീട്ട് നാലുവരെ സദ്യ നൽകി. പന്ത്രണ്ടായിരത്തോളം ഭക്തർ സദ്യയിൽ പങ്കെടുത്തു. ഓണ അവധി ദിവസങ്ങളിൽ വൈകീട്ട് ക്ഷേത്രനട ഒരു മണിക്കൂർ നേരത്തെ തുറക്കുന്നതു ഭക്തർക്ക് അനുഗ്രഹമായി.