അന്നമനട പഞ്ചായത്തിലെ വാളൂർ പാടശേഖരം നികത്താൻ നീക്കംനടക്കുന്നതായി പരാതി
1453151
Saturday, September 14, 2024 1:43 AM IST
അന്നമനട: ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ വാളൂർ പാടശേഖരം നികത്താൻ ശ്രമം നടക്കുന്നതായി പരാതി. മാസങ്ങൾക്ക് മുമ്പ് പാടം നികത്താൻ ശ്രമം നടന്നിരുന്നെങ്കിലും നാട്ടുകാർ രംഗത്തു വന്നതോടെ ശ്രമം ഉപേക്ഷിച്ച് പിൻമാറിയെങ്കിലും നിലവിൽ സമാനമായ ശ്രമം നടക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയുടെ മറവിൽ വലിയ വാഹനങ്ങളിലാണ് കെട്ടിട അവശിഷ്ടങ്ങളും മറ്റു വേസ്റ്റുകളും കൊണ്ടുവന്ന് നികത്തൽ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഗ്രാമ പഞ്ചായത്തിലാണ് സംഭവം നടക്കുന്നതെന്നും അധികൃതർ മൗനം പാലിക്കുകയാണെന്നും പരാതിയുണ്ട്. വർഷങ്ങളായി തരിശായി കിടന്ന പാടശേഖരത്തിൽ കുറച്ചു നാളുകളായി കുടുംബശ്രീയുടെയും, കർഷകരുടെയും നേതൃത്വത്തിൽ നെൽകൃഷി ചെയ്തുവരികയാണ്. വാളൂർ - വെസ്റ്റ് കൊരട്ടി നടവരമ്പ് റോഡിന് സമീപമാണ് ഈ പാടശേഖരം. നികത്തൽ സംബന്ധിച്ച് യൂത്ത് കോൺഗ്രസ് കളക്ടർക്കും ആർ.ടി.ഒയ്ക്കും കൊരട്ടി പോലീസിലും വില്ലേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ്് രാഹുൽ വിജയൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ്് സുമേഷ് വാളൂർ, കർഷക കോൺഗ്രസ് പ്രസിഡന്റ്് സാനി ചക്കാലക്കൽ എന്നിവർ പറഞ്ഞു.
വിവരം പഞ്ചായത്തിന്റെ ശ്രഡയിൽപ്പെടുത്തിയിട്ടും ഗ്രാമപഞ്ചായത്തും വാർഡ് മെമ്പറും അനാസ്ഥ തുടരുകയാണെന്നും പാടശേഖരം പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ മുന്നറിയിപ്പു നൽകി.