കാതിക്കുടം ചാത്തൻചാൽ കാർഷിക പദ്ധതി: രണ്ടാംഘട്ടം തുടങ്ങി
1450933
Friday, September 6, 2024 1:46 AM IST
കാടുകുറ്റി: കാതിക്കുടം ചാത്തൻചാൽ കാർഷിക നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു തുടക്കം. നബാഡിന്റെ സഹായത്തോടെ കേരള ലാൻഡ് ആൻഡ് ഡവലപ്പ്മെന്റ്് കോർപ്പറേഷന്റെ നേതൃത്വത്തിൽ 727 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടു റീച്ചുകളിലായാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. 1410 മീറ്റർ ദൂരത്തിൽ തോടിന്റെ ആഴംകൂട്ടൽ, 300 മീറ്റർ ഫാം റോഡ്, ഫുട് സ്ലാബ്, 900 മീറ്റർ ദൂരം തോടിന്റെ പാർശ്വഭിത്തികൾ കരിങ്കൽ കെട്ടി സംരക്ഷിക്കൽ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുന്നത്. അടുത്ത മാർച്ചോടെ പദ്ധതി യാഥാർഥ്യമാക്കാനാണ് തീരുമാനം.
സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. കെഎൽഡിസി ചെയർമാൻ പി.വി. സത്യനേശൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.സി. അയ്യപ്പൻ, കെഎൽഡിസി ചീഫ് എൻജിനീയർ പി.കെ.ശാലിനി, പഞ്ചായത്ത് അംഗങ്ങളായ രാഖി സുരേഷ്, മോഹിനി കുട്ടൻ, മോളി തോമസ്, ലിജി അനിൽകുമാർ, കൃഷി ഓഫീസർ ഡോണ സ്കറിയ, പാടശേഖര സമിതി പ്രസിഡന്റ്് ടി.വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
നിർമാണോദ്ഘാടനം കഴിഞ്ഞ് വർഷങ്ങളോളം മുടങ്ങിക്കിടന്ന പദ്ധതി ഏറെ കാത്തിരിപ്പിനു ശേഷം ആരംഭിച്ചെങ്കിലും റീച്ച് ഒന്നിൽ വിഭാവനം ചെയ്ത 1450മീറ്റർ പാർശ്വഭിത്തി നിർമാണവും 500 മീറ്റർ ഫാം റോഡ് നിർമ്മാണവും 1250 മീറ്റർ ആഴം വർദ്ധിപ്പിക്കലും, രണ്ട് ഫൂട്ട് സ്ലാബ് നിർമാണവും അവസാന ഘട്ടത്തിലാണ്. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വിസ്തൃതിയേറിയ പാടശേഖരങ്ങളിലൊന്നാണ് ചാത്തൻചാൽ. കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കട്ടപ്പുറം, അന്നനാട്, കക്കാട്, കരിമ്പനക്കാവ്, കണ്ണഞ്ചിറ പാടശേഖരങ്ങൾക്കും പ്രദേശത്തെ ഏക്കറുകണക്കിനു കരഭൂമികൾക്കും ജലദൗർലഭ്യത്തിനു പദ്ധതി യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും.
ചാലക്കുടി പുഴയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ പദ്ധതി പ്രാബല്യത്തിൽ വന്നാൽ വേനൽക്കാലത്ത് പാടശേഖരങ്ങളിലേക്ക് വെളളമെത്തിക്കാനും മഴക്കാലത്ത് അമിതമായി വരുന്ന വെള്ളം ഒഴുക്കിക്കളയാനും സാധിക്കും. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസെന്ന നിലയിലും വിസ്തൃതിയേറിയ പാടശേഖരമെന്ന നിലയിലും പദ്ധതി യാഥാർത്ഥ്യമായാൽ 500 ഹെക്ടർ കൃഷിയിടത്തിനും ഏഴ് ഇറിഗേഷൻ പദ്ധതികൾക്കും പത്തിലേറെ ചെറുകിട ജലസേചന പദ്ധതികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും. വർഷങ്ങളായി മണ്ണിടിച്ചിലും കൈയ്യേറ്റവും മൂലംചാത്തൻചാലിന്റേയും പെരുന്തോടിൻന്റേയും സ്വാഭാവികത നശിച്ച സാഹചര്യത്തിലായിരുന്നു നവീകരിക്കാൻ തീരുമാനിച്ചത്.
തരിശിടം കൃഷിയോഗ്യമാക്കി കൃഷി സാധ്യതകൾ വിപുലീകരിക്കുന്നതിനും ഒരു പൂ കൃഷി ഇരുപ്പൂ കൃഷിയാക്കുന്നതിനും കഴിയുമെന്നായിരുന്നു വിലയിരുത്തൽ. പാടശേഖരത്തിലേക്ക് ഒഴുകിയെത്തുന്ന പെയ്ത്ത് വെള്ളവും ഡാമുകളിൽ നിന്ന് പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളവും എല്ലാ വർഷവും ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാറുണ്ട്. കൂടാതെ തോടുകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും പായലും, ചണ്ടിയും കൃഷിയെ സാരമായി ബാധിക്കാറുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ഇതിനും പരിഹാരമാകും.