വെള്ളക്കെട്ടിൽ വീണ് രണ്ടു മരണം
1441471
Friday, August 2, 2024 10:54 PM IST
ഇരിങ്ങാലക്കുട: യുവാവിനെ കെഎല്‍ഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മാപ്രാണം പീച്ചംപ്പിള്ളിക്കോണം അമയംപറമ്പില്‍ ഉണ്ണികൃഷ്ണന്റെ മകന് രമേശ് (33) ആണ് മരിച്ചത്.
പുത്തന്തോടിനടുത്തുള്ള മരക്കമ്പനിയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പീച്ചംപ്പിള്ളിക്കോണം കെഎല്‍ഡിസി കനാലിന്റെ തുടര്‍ച്ചയായ പാടശേഖരത്തിന്റെ വശത്തായി മൃതദേഹം കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് കെഎല്‍ഡിസി ബണ്ട് റോഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴുതി വീണതാകുമെന്നാണ് നിഗമനം. അവിവാഹിതനാണ്. അമ്മ: സരസ്വതി. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ 11 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.
കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം വാട്ടർ ടാങ്കിനടുത്ത് തമിഴ്നാട് സ്വദേശിയെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി പൂലംകുളം സ്വദേശി അറുമുഖൻ (57) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇയാൾ താമസിക്കുന്ന വീടിനടുത്തുള്ള വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.
പത്തുവർഷത്തോളമായി അറുമുഖൻ കൊറ്റംകുളത്താണ് താമസം. ഇരുചക്രവാഹനത്തിൽ പാത്രക്കച്ചവടം നടത്തിവരുന്നയാളാണ്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.