ദുരിത പ്രളയം
1441179
Friday, August 2, 2024 12:57 AM IST
കനോലി കനാൽ കരകവിഞ്ഞു;
വീടുകളിൽ വെള്ളം കയറി
മൂന്നുപീടിക: കയ്പമംഗലം പഞ്ചായത്തിലെ കനോലി കനാൽ കരകവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. കാക്കാത്തുരുത്തി ലാൽ ബഹദൂർ ശാസ്ത്രി കുടുംബ കൂട്ടായ്മയിലാണു വെള്ളം കയറിയിട്ടുള്ളത്. ഇതേത്തുടർന്ന് ഇരുപതോളം വീടുകൾ ഇവിടെ വെള്ളക്കെട്ടിലായി. കഴിഞ്ഞ വൈകുന്നേരം നേരിയതോതിൽ വെള്ളക്കെട്ടുണ്ടായിരുന്നെങ്കിലും ഇന്നലെ രാവിലെ മുതലാണു വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. ഇവിടെയുള്ള കുടംബങ്ങളെ കാക്കാത്തു രുത്തി ബദർ പള്ളി ഇസത്തുൽ ഇസ്ലാം മദ്ര സയിലേക്ക് മാറ്റിത്താമസിപ്പിച്ചു.
കയ്പമംഗലം പഞ്ചായത്തിലെ എട്ട് , ഒൻപത് വാർഡുകളിൽ നിന്നുള്ള ഇരുപതോളം കുടുംബങ്ങളാണു ക്യാമ്പിലുള്ളത്. ഇ.ടി. ടൈസൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ദേവിക ദാസൻ, പി.എ. ഇസ്ഹാഖ്, പി.കെ. സുകന്യ, പഞ്ചായത്തംഗങ്ങളായ സി.ജെ. പോൾസൺ, യു.വൈ. ഷമീർ, വി.ബി. ഷെഫീക്ക്, പി.എ. ഷാജഹാൻ, റസീന ഷാഹുൽ ഹമീദ് തുടങ്ങിയവർ വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ചു.
കാളമുറി: കനോലി കനാൽ കരകവിഞ്ഞ് ഒഴുകുന്നതുമൂലം ചളിങ്ങാട് മേഖലയിലെ വീടുകളിൽ വെള്ളം കയറി. ചളിങ്ങാട് കൂനിപ്പറമ്പ് കിഴക്കുഭാഗത്തെ മിക്കവീടുകളും വെള്ളത്തിലാണ്. ഇന്നലെ രാവിലെ മുതലാണ് കനോലി കനാലിൽനിന്നും വെള്ളം കയറിത്തുടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പലരും ബന്ധുവീടുകളിലേക്ക് മാറി. ഇ.ടി. ടൈസൺ എംഎൽഎ ഉൾപ്പെടുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കരുവന്നൂര്‍ ചെറിയ പാലത്തിനു സമീപം
മരങ്ങളും കൊമ്പുകളും നീക്കം ചെയ്തു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുത്തന്‍തോട് ചെറിയ പാലത്തിനുസമീപം വീണ മരങ്ങളും കൊമ്പുകളും നീക്കം ചെയ്തു. മരങ്ങളും കൊമ്പുകളുംവീണ് കനാലിലൂടെയുള്ള വെള്ളത്തിന്റെ നീരൊഴുക്കിന് തടസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി ഡോ.ആര്. ബിന്ദു സ്ഥലം സന്ദര്‍ശിച്ചു. ഉടന്‍തന്നെ ഇരിങ്ങാലക്കുടയില്നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി മരങ്ങളും കൊമ്പുകളും നീക്കം ചെയ്തു.
മഴക്കെടുതി: രക്ഷാസേന രൂപവത്കരിച്ചു
കോണത്തുകുന്ന്: കാലവര്‍ഷക്കെടുതി നേരിടാന്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ "ഓപ്പ റേഷന്‍ ഫ്ലഡ് 2024' എന്ന പേരില്‍ രക്ഷാസേന രൂപവത്കരിച്ചു. ആക്ടിംഗ് പ്രസിഡന്റ് ഫസ്ന റിജാസ് മുഖ്യരക്ഷാധികാരിയും സെക്രട്ടറി കെ. റിഷി മുഖ്യ നിര്‍വഹണ ഉദ്യോഗ സ്ഥനും അസി. സെക്രട്ടറി സുജന്‍ പൂപ്പത്തി മുഖ്യസംഘാടകനും ജനപ്രതിനിധികള്‍ അം ഗങ്ങളുമായാണ് സേനയുടെ പ്രവര്‍ത്തനം.
മണ്ണിടിച്ചില്‍: മുസാഫരിക്കുന്ന്, വാതില്‍മാടം
കോളനി എന്നിവയില്‍നിന്നും ആളുകളെ മാറ്റി
ഇരിങ്ങാലക്കുട: മണ്ണിടിച്ചില്ഭീഷണിയെതുടര്ന്ന് മാപ്രാണം വാതില്‍മാടം കോളനിയില്‍നിന്നും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന മുസാഫരിക്കുന്നില്നിന്നും വീട്ടുകാരെ മാറ്റി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി ഋഷിയും അസിസ്റ്റന്റ് സെക്രട്ടറി സുജന്‍ പൂപ്പത്തിയും ചേര്‍ന്നാണ് കരൂപ്പടന്ന മുസാഫരിക്കുന്നില്നിന്നും വീട്ടുകാരെ സമീപമുള്ള മുസാഫരിക്കുന്ന് മദ്രസ കെട്ടിടത്തിലെ ക്യാമ്പിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്.
മണ്ണിടിച്ചില്‍ഭീഷണി ഉണ്ടായാല്‍ മറ്റു കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്ന് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ പ്രത്യേക കണ്ട്രോള് റൂമും ആംബുലന്‍സ് സര്‍വീസും ആരംഭിച്ചു. മാപ്രാണം വാതില്‍മാടം കോളനിയില്‍നിന്നും നാലു വീട്ടുകാരെ ബന്ധുവീടുകളിലേക്കു മാറ്റി. അറക്കവീട്ടില്‍ സുഹറ, പേടിക്കാട്ടുപറമ്പില്‍ ഗിരീഷ്, ചേനങ്ങത്ത് കാളിക്കുട്ടി, എലുവത്തിങ്കല്‍ കൗസല്യ എന്നിവരെയാണ് ബന്ധുവീടുകളിലേക്കു മാറ്റിയത്.
പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് 415 അടിയിൽ
ക്രമീകരിക്കണം: എംഎൽഎ കത്ത് നൽകി
ചാലക്കുടി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 415 അടിയിൽ ക്രമികരിച്ചുനിർത്തണമെന്ന് ആവശ്യപ്പെട്ട് സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും കത്തു നൽകി.
കഴിഞ്ഞ 15 ദിവസമായി പെരിങ്ങല്‍കുത്ത് ഡാം മിക്കവാറും നിറഞ്ഞ സ്ഥിതിയിലാണ്. ശക്തമായ മഴയില്‍ പെരിങ്ങല്‍കുത്ത് ഡാമില്‍നിന്നു പുഴയിലേക്കു വിടുന്ന വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കൂട്ടിയതുമൂലം ചാലക്കുടിപ്പുഴയില്‍ ഒറ്റദിവസം കൊണ്ട് ആറുമീറ്ററോളം ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറുകയും കൃഷിയിടങ്ങള്‍ വെള്ളത്തിലാകുകയും പലയിടത്തും റോഡ് ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
ഓണത്തിനുള്‍പ്പെടെ തയാറായിരുന്ന കാര്‍ഷികോത്പന്നങ്ങള്‍ നശിക്കുന്നതിനിടയാക്കി. കോടിക്കണക്കിനു രൂപയുടെ സാമ്പത്തികനഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. വീടുകള്‍ക്കു നാശനഷ്ടമുണ്ടാകുന്നു. എല്ലാ വര്‍ഷവും ഒന്നിലേറെതവണ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മറ്റിടങ്ങളിലേക്കോ മാറിത്താമസിക്കേണ്ട അവസ്ഥയിലാണ് നൂറുകണക്കിനു കുടുംബങ്ങളെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.
കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ്
നിര്‍മാണത്തിന് ഭരണാനുമതി: മന്ത്രി
കരുവന്നൂര്‍: ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തിനെയും സമീപപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡിന്റെ നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.
ഇരിങ്ങാലക്കുട നഗരസഭയെയും കാട്ടൂര്‍, കാറളം ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിര്‍മാണത്തിന് 2024-25 സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. അതിന്റെ ഭരണാനുമതിയാണു ലഭ്യമായിരിക്കുന്നത്. സാങ്കേതിക നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി നിര്‍മാണം എത്രയും പെട്ടെന്ന് ആരംഭിക്കും -മന്ത്രി പറഞ്ഞു.
വെള്ളം കയറിയ വീടുകൾ
ശുചീകരിക്കാൻ വിദ്യാർഥികൾ
ചാലക്കുടി: വെള്ളംകയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനവുമായി വിദ്യാർഥികളെത്തി. വി. ആർ. പുരം ഗവ. സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണു വീടുകളിൽ ശുചീകരണ പ്രവർത്തനം നടത്തിയത്. ശക്തമായ മഴയെത്തുടർന്ന് വെള്ളം കയറിയ വി.ആർ. പുരം റെയിൽവേ ബൈലൈനിനോട് ചേർന്ന വീടുകളിലാണു ശുചീകരണം പ്രവർത്തനം നടത്തിയത്. ചുമര് പൊക്കംവരെ വെള്ളം കയറി, ചെളിയും മറ്റും നിറഞ്ഞ്, വീടുകളിൽനിന്നും ക്യാമ്പിലും ബന്ധു വീട്ടിലും മാറിത്താമസിക്കുന്ന ദേവസി ആലപ്പാട്ട്, അസനാർ തറയിൽ എന്നിവരുടെ വീടുകളാണ് പത്തോളം വരുന്ന വിദ്യാർഥികൾ വീട്ടുകാരോടൊപ്പം ചേർന്ന് വൃത്തിയാക്കിയത്.
വി. ആർ. പുരം കസ്തൂർബാ കേന്ദ്രത്തിലും കമ്യൂണിറ്റി ഹാളിലും ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളെ സന്ദർശിക്കാൻ വിദ്യാർഥികൾ എത്തിയപ്പോഴാണു വെള്ളം ഇറങ്ങിയെങ്കിലും വീടുകൾ ശുചീകരിക്കാതെ തിരിച്ചുപോകാൻ കഴിയില്ലെന്ന വിവരം വീട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് വീടുകൾ ശുചീകരിക്കാൻ വിദ്യാർഥികൾ തയാറാവുകയായിരുന്നു.
എൻഎസ്എസ് ലീഡർ കെ. എസ്. ആൽവിൻ, ജോഷ്വാ ജോഷി, ക്രിസ്റ്റോ ഫാൻസിസ്, എൽറോയ് ഷാജൻ, സി.എൻ. നവനീത്, എൻ.എസ്. ശ്രീഹരി, പി.എസ്. ശ്രീലക്ഷ്മി, അലീന ഷാജൻ, നിരജ്ഞന സുനിൽകുമാർ എന്നീ വിദ്യാർഥികളോടൊപ്പം കോ-ഓർഡിനേറ്റർ വിജീഷ്ലാൽ, പിടിഎ വൈസ് പ്രസിഡന്റ് യു.വി. സുനിൽകുമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
ദുരന്തനിവാരണം: അടിയന്തര യോഗം
മതിലകം: കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇ.ടി.ടൈസൺ എംഎൽഎയുടെ നേതൃത്വത്തിൽ അടിയന്ത ര യോഗം ചേർന്നു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് കൂട്ടായി കൈകൊള്ളേണ്ട നടപടികളെ കുറിച്ച് എംഎൽഎ യോഗത്തിൽ വിശദീകരിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഈ കമ്മിറ്റിയുടെ തീരുമാനം മാത്രം മതിയാകുമെന്ന് ഉത്തരവ് യോഗത്തെ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകൾ ഒരുക്കുവാൻ കഴിയണമെന്നും യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആല സ്വദേശിയായ ഷാജി നൽകിയ ഒരു ലക്ഷം രൂപയും മതിലകം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത നോഡൽ പ്രേരകുമാർ സ്വരൂപിച്ച ദുരിതാശ്വാസനിധിയിലേക്കുള്ള തുകയും എംഎൽഎ തഹസിൽദാറിനു കൈമാറി. ഇ.ടി.ടൈസൺ എംഎൽഎ അധ്യ ക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, കെ.പി. രാജൻ, നിഷ അജിതൻ, വിനീത മോഹൻദാസ്, എം.എസ്. മോഹനൻ, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ കെ. മധുരാജ്, ജോയിന്റ് ബിഡിഒ സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട: മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന തിനും ഏകോപിപ്പിക്കുന്നതിനുമായി മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമരായ ജോസ് ജെ. ചിറ്റിലപ്പിള്ളി (മുരിയാട്), ടി.വി. ലത (കാട്ടൂര്‍), ബിന്ദു പ്രദീപ് (കാറളം), കെ.എസ്. ധനീഷ്, (വേളൂക്കര) കെ.എസ്. തമ്പി (പൂമംഗലം), ലിജി രതീഷ് (പടിയൂര്‍), ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ്, മുകുന്ദപുരം തഹസില്‍ദാര്‍ സി. നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
വിലയിരുത്തലുകളും നിര്‍ദേശങ്ങളും
= ഇരിങ്ങാലക്കുട നഗരസഭ, കാട്ടൂര്‍, കാറളം, ആളൂര്‍ എന്നീ പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
= ക്യാമ്പുകളില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ഉറപ്പു വരുത്തണം.
= ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജാഗരൂകരായിരിക്കണം.
=എല്ലാ വകുപ്പുകളും ഏകോപിച്ച് പൊതുജന കൂട്ടായ്മയിലൂടെ ഈ സാഹചര്യത്തെ നേരിടണം.
=വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ഉരുള്‍പൊട്ടല്‍ ഭീഷിണിയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
=തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ യോഗം ചേരാത്തിടത്ത് എത്രയും പെട്ടെന്ന് തന്നെ യോഗം ചേര്‍ന്ന് അടിയന്തരഘട്ടത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കണം.
=ആവശ്യമെങ്കില്‍ വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തണം.
=ഷട്ടറുകളില്‍ വന്നടിയുന്ന മരങ്ങള്‍ എത്രയും വേഗംതന്നെ നീക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.