സിപിഎമ്മിലെ നേതാക്കള്‍ തമ്മില്‍ വാക്പോര്: തെളിവെടുത്ത് പാര്‍ട്ടി
1423205
Saturday, May 18, 2024 1:39 AM IST
സ്വന്തം ലേഖകൻ
തൃശൂര്‍: പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തമ്മിലുള്ള പരസ്യവെല്ലുവിളികളും ആരോപണങ്ങളും അന്വേഷിക്കാന്‍ നിയോഗിച്ച സമിതി തെളിവെടുപ്പ് തുടങ്ങി. സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റിയിലെ നേതാക്കളായ കോര്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും ഇടതുസംഘടനകളുടെ നേതാവായ ബിന്നി ഇമ്മട്ടിയും തമ്മിലുള്ള ആരോപണങ്ങളും തര്‍ക്കങ്ങളുമാണ് ഒടുവില്‍ പാര്‍ട്ടി ഇടപെട്ട് തെളിവെടുപ്പിലേക്ക് എത്തിച്ചിരിക്കുന്നത്.
പല തട്ടിപ്പുകേസുകളും ഒതുക്കുന്നതിനു നേതൃത്വം നല്‍കിയത് അനൂപ് ഡേവിസ് കാടയാണെന്നു ബിന്നി ഇമ്മട്ടി പറഞ്ഞുവെന്നാണ് ആരോപണം. പാര്‍ട്ടിക്കുള്ളിലെ പല സംഭവങ്ങളും പരസ്യമാക്കിയതിനു പിന്നില്‍ ബിന്നി ഇമ്മട്ടിയാണെന്നാണ് അനൂപ് ഡേവിസ് കാടയുടെ ആരോപണം.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസടക്കം പല സംഭവങ്ങളിലും അനൂപ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്ത പരന്നതും അനൂപിനെ ഇഡി വിളിപ്പിച്ചതുമൊക്കെ പാര്‍ട്ടിക്ക് അപകീര്ത്തിയായിരുന്നു. കൂടാതെ മുന്‍മന്ത്രി എ.സി. മൊയ്തീന്റെ വിഷയത്തിലും ഇടപെട്ടെന്നും മൊയ്തീനെ ഇഡി ചോദ്യംചെയ്യാന്‍ വിളിക്കാന്‍ കാരണം അനൂപിന്റെ മൊഴിയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ന്നതു സംസ്ഥാനതലത്തില്‍തന്നെ ചര്‍ച്ചയായതോടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇടപെട്ടത്. തൃശൂരിലെത്തി ഈ വിഷയം അന്വേഷിക്കാന്‍ രണ്ടംഗസമിതിയെ നിയോഗിക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ചന്ദ്രശേഖരന്, പി.കെ. ഡേവിസ് എന്നിവരെയാണ് സമിതിയംഗങ്ങളായി നിയോഗിച്ചത്. രണ്ടുപേരുടെയും കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരുടെയും മൊഴിയെടുക്കല്‍ തുടരുകയാണ്.
പാര്‍ട്ടിയെ ബാധിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനു പിന്നില്‍ ബിന്നി ഇമ്മട്ടിയാണെന്ന് ഏരിയ കമ്മിറ്റി യോഗത്തില്‍ അനൂപ് വിഷയം ഉന്നയിച്ചതാണ് ഇത് ആളിക്കത്താന്‍ കാരണം. അന്നു യോഗത്തില്‍ പങ്കെടുക്കാതിരുന്ന ബിന്നി ഇമ്മട്ടി തുടര്‍ന്നുനടന്ന യോഗത്തിലെത്തി അനൂപിനെതിരെ ശക്തമായി ആഞ്ഞടിക്കുകയായിരുന്നു. പിന്നീട് അനൂപിനെ ഇഡി പലതവണ ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. കോര്‍പറേഷന്റെ പല പദ്ധതികളുടെ പിന്നിലും അനൂപും മറ്റൊരു കൗണ്‍സിലറും അനധികൃതമായി ഇടപെടുന്നുവെന്നു നേരത്തേമുതല്തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. സിപിഎം കൗണ്‍സിലര്‍മാര്‍ക്കിടയില്‍ തന്നെ ഇത്തരം ആരോപണം നിലനില്‍ക്കുന്നുണ്ട്.
അതിനിടെയാണ് ഈ സംഭവങ്ങളെല്ലാം പാര്‍ട്ടി വേദിയിലും ഉയര്‍ന്നത്. അതോടെയാണ് വിഷയം ഗൗരവത്തിലെടുത്ത് അന്വേഷണ കമ്മീഷനെ വയ്ക്കാന്‍ സംസ്ഥാന സെക്രട്ടറിതന്നെ തീരുമാനിച്ചത്.
അന്വേഷണം നടത്തി സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റിയും പിന്നീട് സംസ്ഥാന കമ്മിറ്റിയും നടപടി സ്വീകരിക്കാനാണ് നീക്കം. ഇ.പി. ജയരാജനുമായി ഏറെ അടുപ്പമുള്ളയാളാണ് ബിന്നി ഇമ്മട്ടി.