വൻ അഗ്നിബാധ; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു
1415439
Wednesday, April 10, 2024 1:40 AM IST
കൈപ്പറമ്പ്: പാടത്ത് വൻ അഗ്നിബാധ. കൈപ്പറമ്പ് എംകെകെ പെട്രോൾപമ്പിനു പിന്നിലാണ് അഗ്നിബാധ ഉണ്ടായത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീ ആളിപ്പടരുന്നതുകണ്ടത്. തുടർന്ന് നാട്ടുകാരും യാത്രക്കാരും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായതിനെതുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം, തൃശൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി.
ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. രണ്ടേക്കറോളം വരുന്ന സ്ഥലത്തെ പാടത്തെ ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. ശക്തമായ ചൂടിൽ പുല്ലിന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ശക്തമായ പുക ഉയർന്നതോടെ രക്ഷാപ്രവർത്തനം ഏറെ ദുഃസഹമായി.
സമീപത്തെ ഹോട്ടൽ ജീവനക്കാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്.