വായന പക്ഷാചരണം
1574279
Wednesday, July 9, 2025 4:58 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിൽ മുൻസിപ്പൽ നേതൃസമിതിയുടെ സഹകരണത്തോടെ കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്കൂളിൽ നടത്തിയ വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനവും ഐ.വി. ദാസ് അനുസ്മരണവും എഴുത്തുകാരി ലേഖ കാക്കനാട് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം മേരിക്കുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി.
സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാട് നിർവഹിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തെ ജനകീയമാക്കിയ ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം താലൂക്ക് ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റും എഴുത്തുകാരിയുമായ സിന്ധു ഉല്ലാസ് നിർവഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സിൽ അംഗം കെ. മോഹനൻ, നേതൃസമിതി കണ്‍വീനർ ആർ. രാജീവ്, താലൂക്ക് എക്സിക്യൂട്ടീവംഗം എം.എ. എൽദോസ്, വി.എൻ. സന്തോഷ് കുമാർ, എൻ.കെ. രാജൻ, സി.കെ. ഉണ്ണി, ടി. വിജയകുമാരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് അക്ഷരമാണ് ലഹരി എന്ന സന്ദേശമുൾക്കൊള്ളുന്ന കുട്ടികളുടെ സംഗീത ശിൽപ്പവും അവതരിപ്പിച്ചു.
കഴിഞ്ഞ 19ന് പി.എൻ. പണിക്കരുടെ ചരമദിനത്തിൽ ആരംഭിച്ച വായന പക്ഷാചരണ പരിപാടി ഐ.വി. ദാസിന്റെ ജന്മദിനമായ ഇന്നലെയാണ് സമാപിച്ചത്. താലൂക്കിലെ 73 ഗ്രന്ഥശാലകളിലും സ്കൂൾ, കോളജ് തലങ്ങളിലും വായന പഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചതായി താലൂക്ക് കൗണ്‍സിൽ സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു.