മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ
1574276
Wednesday, July 9, 2025 4:58 AM IST
മൂവാറ്റുപുഴ: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിർവഹിച്ച കച്ചേരിത്താഴത്തെ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ. മേൽക്കൂരയെ താങ്ങി നിർത്തുന്ന ഇരുന്പു പൈപ്പുകൾ തുരുന്പെടുത്ത് നശിച്ചതോടെ ഏതു നിമിഷവും താഴേക്കു പതിച്ച് അപകടമുണ്ടാകുന്ന നിലയിലയിലാണ് കച്ചേരിത്താഴം ബസ് കാത്തിരിപ്പു കേന്ദ്രം.
വവ്വാൽ ചിറകിന്റ മാതൃകയിൽ കച്ചേരിത്താഴത്ത് 40 ലക്ഷം ചെലവഴിച്ചു നിർമിച്ച ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയാണ് തുരുന്പെടുത്ത് അപകടാവസ്ഥയിലായിരിക്കുന്നത്. കൂറ്റൻ തൂണുകൾക്കു മുകളിൽ ടെൻസൈൽ ഫാബ്രിക് ഉപയോഗിച്ചാണ് മേൽക്കൂര തീർത്തത്. വിലകൂടിയ ടെൻസൈൽ ഫാബ്രിക് ദീർഘകാലം ഈടു നിൽക്കുമെങ്കിലും ഇവ സ്ഥാപിച്ചിരിക്കുന്ന ഇരുന്പു പൈപ്പുകളിലാണ് തുരുന്പ് വ്യാപിച്ചിരുന്നത്.
2019ൽ ആണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായത്. ഇതിനു ശേഷം ഇന്നു വരെ ഇതിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. പൈപ്പിലെ തുരുന്പ് നീക്കം ചെയ്ത് പെയിന്റടിച്ചില്ലെങ്കിൽ മേൽക്കൂര തകർന്നു വീഴാനുള്ള സാധ്യത ഉണ്ടെന്നാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമുള്ള വ്യാപാരികളും യാത്രക്കാരും പറയുന്നത്.