ആ​ല​ങ്ങാ​ട്: ക​ള​മ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കു​ന്ന് - കോ​ട്ട​പ്പു​റം പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ത​ത്വ​ത്തി​ൽ ഭ​ര​ണാ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഒ​ന്നാം ഘ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി നാ​ല് കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​രു​മാ​ല്ലൂ​ർ - കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കു​ന്ന്-​കോ​ട്ട​പ്പു​റം പാ​ലം നി​ർ​മാ​ണം ഈ ​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

345.15 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന് ഇ​രു ക​ര​ക​ളി​ലു​മാ​യി മൂ​ന്ന് ലാ​ൻ​ഡ് സ്പാ​നു​ക​ൾ വേ​ണ്ടി​വ​രും. ര​ണ്ടു വ​രി ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കി 7.50 മീ​റ്റ​ർ വീ​തി​യി​ലാ​യി​രി​ക്കും നി​ർ​മാ​ണം. 1.50 മീ​റ്റ​ർ ന​ട​പ്പാ​ത​യും ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കും. ആ​കെ വീ​തി 11 മീ​റ്റ​ർ. 39.20 കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​ന്‍റെ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്.

കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ലെ വ​യ​ൽ​ക​ര​യും ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​മ്പ്ര​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം. നി​ല​വി​ൽ വ​ഞ്ചി​ക​ളി​ലും മ​റ്റു​മാ​ണ് പു​ഴ കു​റു​കെ ക​ട​ക്കു​ന്ന​ത്. ഇ​രു​ക​ര​ക​ളി​ലു​മാ​യി മൂ​ന്ന് മീ​റ്റ​ർ വീ​തി​യു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ ഉ​ള്ള​തി​നാ​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​ത് താ​ര​ത​മ്യേ​ന എ​ളു​പ്പ​മാ​യി​രി​ക്കും.

9.86 ആ​ർ സ്ഥ​ലം കു​ന്നു​ക​ര ഭാ​ഗ​ത്തും 8.29 ആ​ർ സ്ഥ​ലം കോ​ട്ട​പ്പു​റം ഭാ​ഗ​ത്തും അ​പ്രോ​ച്ച് റോ​ഡി​നാ​യി ഏ​റ്റെ​ടു​ക്ക​ണം. ഇ​രു​വ​ശ​ത്തു​മു​ള്ള പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളാ​യ കു​ന്നു​ക​ര​യ്‌​ക്കും കോ​ട്ട​പ്പു​റ​ത്തി​നു​മി​ട​യി​ൽ 2.6 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. മാ​ള​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്രാ​ദൂ​രം ഗ​ണ്യ​മാ​യി കു​റ​യ്‌​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ലും പാ​ലം വ​ലി​യ പ​ങ്കു​വ​ഹി​ക്കും.