വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ ധർണ
1574277
Wednesday, July 9, 2025 4:58 AM IST
മൂവാറ്റുപുഴ: വിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷ സർക്കാറിന്റെ ദീർഘവീക്ഷണമില്ലാത്ത നടപടികൾ വരും തലമുറയെ തകർക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം. അബ്ദുൽ മജീദ്. കേരളത്തിന്റെ സാന്പത്തിക രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ അറബി ഭാഷയോട് സർക്കാർ സ്വീകരിക്കുന്ന ചിറ്റമ്മനയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എറണാകുളം ജില്ല കമ്മിറ്റി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണനിലവാര പദ്ധതി (ക്യുഐപി)യിൽ നിന്ന് കെഎടിഎഫിനെ സർക്കാർ ഒഴിവാക്കിയ നടപടി നീതീകരിക്കാൻ സാധിക്കില്ലെന്നും ഹയർ സെക്കൻഡറി പഠിക്കുന്ന കുട്ടികളുടെ എണ്ണം പരിഗണിച്ച് ഭാഷാധ്യാപക നിർണയം നടത്തണമെന്നും ഉച്ചഭക്ഷണത്തിന് തുക കാലാനുസൃതമായി വർധിപ്പിക്കണമെന്നും അബ്ദുൽ മജീദ് ആവശ്യപ്പെട്ടു. കെഎടിഎഫ് ജില്ല പ്രസിഡന്റ് എം.എം. നാസർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനവും നൽകി.