എംഎസ്സി എൽസ3 അപകടം: എൻഐഒ പഠനം നടത്തും
1574064
Tuesday, July 8, 2025 7:11 AM IST
കൊച്ചി: കൊച്ചി പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എംഎസ്സി എൽസ 3 കപ്പലപകടത്തെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എൻഐഒ) പഠനം നടത്തും. കപ്പൽ മുങ്ങിയതിനെ തുടർന്ന് വിവിധ മേഖലകളിലുണ്ടായ ആഘാതമാണ് പഠനവിധേയമാക്കുക.
അതേസമയം കപ്പലിൽ നിന്നുള്ള എണ്ണ വീണ്ടെടുക്കൽ അടുത്ത മാസം ആദ്യം ആരംഭിച്ചേക്കും. രക്ഷാപ്രവർത്തനത്തിന് സ്മിറ്റ് സാൽവേജിന്റെ നേതൃത്വത്തിൽ 30 അംഗ ദൗത്യസംഘത്തിനുള്ള പരിശീലനം പുരോഗമിക്കുകയാണ്. കപ്പൽ മുങ്ങിയ സ്ഥലത്ത് എണ്ണപ്പാട കണ്ടെത്താൻ കനറ മേഘ കപ്പൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.
പുക അടങ്ങാതെ ‘വാൻഹായ് 503'
ബേപ്പൂരിന് സമീപം കടലിൽ തീപിടിച്ച വാൻഹായ് 503 കപ്പലിന്റെ പല ഭാഗത്തുനിന്നും പുക ഇപ്പോഴും ഉയരുന്നു. ഇന്ത്യൻ തീരത്തുനിന്ന് നിലവിൽ 135 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. അതിനിടെ ഇന്ധന ടാങ്കുകൾക്ക് സമീപത്തെ നാലാംനമ്പർ അറയിലെ താപനില താഴ്ത്താൻ സാധിക്കാത്തത് ആശങ്ക ഉയർത്തുന്നു.

വീണ്ടും തീപിടിക്കാൻ സാധ്യതയുള്ളതിനാൽ കപ്പലിനെ തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സാൽവേജ് കമ്പനി. അഡ്വാന്റിസ് വിർഗോ, എസ്സിഐ പന്ന, വാട്ടർ ലില്ലി എന്നീ ടഗ്ഗുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്.
എൻജിൻ മുറിയിൽ കയറിയ വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കപ്പൽ നിലവിൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയ്ക്ക് പുറത്താണ്്.