ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടുംബത്തിന്റെ 26 പവൻ മോഷ്ടിച്ചയാൾ പിടിയിൽ
1574050
Tuesday, July 8, 2025 7:11 AM IST
തൃപ്പൂണിത്തുറ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടുംബത്തിന്റെ 26 പവൻ സ്വർണം മോഷ്ടിച്ചയാളെ പിടികൂടി. കട്ടപ്പന ശാന്തിഗ്രാം പയ്യപ്പിള്ളി വീട്ടിൽ ജെനീഷിനെയാണ് (38) ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22നായിരുന്നു മോഷണം.
വടക്കേക്കോട്ട വികെഎം ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടുംബം വീട്ടിൽ സ്വർണം വയ്ക്കുന്നത് സുരക്ഷിതമല്ലെന്നു കരുതിയാണ് 22 പവന്റെ കോയിനും മൂന്ന് മാലയും കൈയിൽ കരുതിയത്.
എന്നാൽ ആശുപത്രിയിൽ മോഷണത്തിനെത്തിയ പ്രതി ഇതു കൈക്കലാക്കുകയായിരുന്നു. പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഏറ്റുമാനൂരിൽനിന്നു പിടികൂടി.
സ്വർണം എറണാകുളത്തുള്ള ജ്വല്ലറിയിൽനിന്നു മാറ്റി വാങ്ങിയ ശേഷം മൂവാറ്റുപുഴയിലെ ജ്വല്ലറിയിൽ പണയംവച്ചു. ഈ പണമുപയോഗിച്ച് പ്രതി കാറും വാങ്ങിയെന്ന് പോലീസ് പറഞ്ഞു. മുന്പും മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്.