സ്വകാര്യ ബസ് സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍ ; ആശ്വാസമായി മെട്രോയും കെഎസ്ആര്‍ടിസിയും
1574256
Wednesday, July 9, 2025 4:33 AM IST
കൊച്ചി: സ്വകാര്യ ബസുകളിലെ നിരക്ക് വര്‍ധനവ് ഉള്‍പ്പടെ ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ആരംഭിക്കാനൊരുങ്ങുന്ന അനിശ്ചിതകാല സമരത്തിനു മുന്നോടിയായി ഇന്നലെ നടത്തിയ സൂചനാ സമരത്തില്‍ വലഞ്ഞ് ജനം.
സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന ഗ്രാമമേഖലയിലാണ് യാത്രക്കാര്‍ ഏറെയും ദുരിതത്തിലായത്. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയത് നഗരമേഖലകളില്‍ ആശ്വാസമായി. മെട്രോയും ഫീഡര്‍ സര്‍വീസുകളും പതിവിലും തിരക്കായിരുന്നു ഇന്നലെ.
രാവിലെ ഏതാനും ബസുകള്‍ സര്‍വീസ് ആരംഭിച്ചെങ്കിലും സംഘടനകളുടെ നിര്‍ബന്ധത്തിന് വഴങ്ങി നിര്‍ത്തിവയ്ക്കേണ്ടി വന്നു. ബസ് പണിമുടക്കിയതോടെ ഇരുചക്രവാഹനങ്ങളും കാറുകളുമുള്പ്പെടെയുള്ളവ നഗരത്തില്‍ ഇറങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൊച്ചി മെട്രോയില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. ഉള്‍പ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഒന്നും ഓടാതിരുന്നത് ജനങ്ങളെ ഏറെ വലച്ചു.
ആലുവ മേഖലയില്‍ ബസ് പണിമുക്ക് പൂര്‍ണമായിരുന്നു. ആലുവ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു ബസും പുറപ്പെട്ടില്ല. ആലുവയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് ദേശസാത്കൃത റൂട്ട് കൂടി ഉള്ളതിനാല്‍ പെരുമ്പാവൂര്‍ ടൗണ്‍, ദേശീയപാത വഴി അങ്കമാലി റൂട്ടുകളെ പണിമുടക്ക് ബാധിച്ചില്ല. കളമശേരി, എറണാകുളം യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ അനുഗ്രഹമായി. സ്വകാര്യ വാഹനങ്ങള്‍ ഏറെ നിരത്തിലിറങ്ങി.
പെരുമ്പാവൂര്‍ സ്വകാര്യ ബസ് റൂട്ടിലും പുക്കാട്ടുപടി, കടുങ്ങല്ലൂര്‍, വരാപ്പുഴ, കാലടി മേഖലകളിലും ബസ് സമരം യാത്രക്കാരെ വലച്ചു. കീഴ്മാട് സര്‍ക്കുലര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി. 1800 ലേറെ സ്വകാര്യ ബസുകള്‍ സമരത്തിന്റെ ഭാഗമായെന്നാണ് ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ അവകാശപ്പെട്ടത്.
സമരം വിജയമായിരുന്നുവെന്നും ഈ സമരം സൂചനമാത്രമാണെന്നും സര്‍ക്കാര്‍ അവകാശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
അധിക സര്‍വീസുകള്‍ നടത്തി കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നലെ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തിയതു യാത്രക്കാര്‍ക്കു നേരിയ ആശ്വാസമായി. പതിവു സര്‍വീസുകള്‍ക്കു പുറമേ, എല്ലാ ഡിപ്പോകളില്‍ നിന്നും സാധ്യമായ രീതിയില്‍ അധിക സര്‍വീസുകളും നടത്തിയതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു.
എറണാകുളം, പിറവം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പെരുമ്പാവൂര്‍, കോതമംഗലം, ആലുവ തുടങ്ങിയ ഡിപ്പോകളില്‍ നിന്നെല്ലാം അധിക സര്വീസകളുണ്ടായിരുന്നു. കൊച്ചി നഗരത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിയന്ത്രിക്കുന്ന എറണാകുളം ഡിപ്പോയില്‍ നിന്ന് 74 പതിവു സര്‍വീസുകള്‍ക്കു പുറമേ, ഒന്‍പത് അധിക സര്‍വീസുകള്‍ നടത്തി.
തിരക്കേറി മെട്രോ
സ്വകാര്യ ബസ് സമരത്തില്‍ യാത്രക്കാര്‍ക്ക് ആശ്രയമായി കൊച്ചി മെട്രോ. പതിവിലും കുടുതല്‍ യാത്രക്കാരാണ് ഇന്നലെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചുവരെയുള്ള കണക്ക് പ്രകാരം 84,861 പേര് മെട്രോയില്‍ യാത്ര ചെയ്തു.
തൊട്ട് മുന്‍പുള്ള ദിവസം ഇതേ സമയം വരെ 73,882 ആളുകളായിരുന്നു യാത്ര ചെയ്തിരുന്നത്. അതേപോലെ മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഫീഡര്‍ സര്‍വീസുകളിലും തിരക്കേറെയായിരുന്നു ഇന്നലെ.