ദേശീയപാത 66 വികസനം : മൂത്തകുന്നത്തിനും ഇടപ്പള്ളിക്കും ഇടയിൽ മൂന്ന് അടിപ്പാതകള്‍കൂടി
1574255
Wednesday, July 9, 2025 4:33 AM IST
ദേശീയപാത 544 ൽ അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മാണത്തിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ ഓഗസ്റ്റ് 15 നകം പൂര്‍ത്തിയാക്കാനും ധാരണയായി
കൊച്ചി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് മൂന്ന് അടിപ്പാതകള്‍ കൂടി നിര്‍മിക്കാന്‍ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കൂനമ്മാവ്, പട്ടണം കവല, തൈക്കാവ് എന്നിവിടങ്ങളിലാണു പുതിയ അടിപ്പാതകള്‍ വരുന്നത്. സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വരുന്ന പ്രദേശങ്ങളില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കും.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് അനുഭവപ്പെടുന്ന മേഖലകളില്‍ അടിയന്തര പ്രാധാന്യത്തോടെ ക്രോസ് കള്‍വര്‍ട്ടുകള്‍ നിര്‍മിക്കും. തോടുകളുടെ നീരൊഴുക്ക് തടസപ്പെടുത്തുന്ന വിധത്തില്‍ വന്നിട്ടുള്ള നിര്മാണവശിഷ്ടങ്ങള് നീക്കം ചെയ്യാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
മൂത്തകുന്നത്ത് 16 വീടുകളിലേക്ക് പ്രവേശനം തടസപ്പെടുന്ന സാഹചര്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ടിവന്നാല്‍ സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. നിലവിലെ ദേശീയപാതയില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ വേഗത്തില്‍ അടയ്ക്കണം.
ആവശ്യമായ ഇടങ്ങളില്‍ സര്‍വീസ് റോഡുകളുടെ നീളം വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത 544 ൽ അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മാണത്തിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ ഓഗസ്റ്റ് 15 നുള്ളില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി. സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
നിലവില്‍ 14 സര്‍വേ ഉദ്യോഗസ്ഥരാണുള്ളത്. ഇവരുടെ എണ്ണം 40 ആയി ഉയര്‍ത്തും. അതിനുപുറമേ ആവശ്യമായ ഡ്രാഫ്റ്റ്മാന്മാരുടെ സേവനവും ഉറപ്പുവരുത്തും. സര്‍വേ പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ തിങ്കളാഴ്ചയും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരാനും തീരുമാനിച്ചു.
യോഗത്തില്‍ എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, എംഎല്‍എമാരായ കെ.ബാബു, റോജി എം.ജോണ്‍, ടി.ജെ. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍, കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.