അന്തർദേശീയ സെമിനാർ
1514642
Sunday, February 16, 2025 4:11 AM IST
മൂവാറ്റുപുഴ: മലയാളി മനസുകളെ കോർത്തിണക്കിയ ചരടാണ് പാട്ട് സാഹിത്യമെന്ന് കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് പറഞ്ഞു. മൂവാറ്റുപുഴ നിർമല കോളജിലെ ഇംഗ്ലീഷ് വിഭാഗം ‘പാട്ടുകളുടെ സാംസ്കാരിക പഠനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളി മനസിന്റെ ശ്രുതിയും താളവും മനസിലാക്കിയ എഴുത്തുകാർ അവരുടെ മനസുകളെ ചേർത്ത് നിർത്തുന്ന ആശയങ്ങളാണ് ചലച്ചിത്രഗാന രചനയിലൂടെ പുറത്തു കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസങ്ങളിലായി നടന്ന സെമിനാറിൽ ചലച്ചിത്ര നിരൂപകരായ വി.ടി. മുരളി, കെ.വി. സജയ് എന്നിവരും വിദേശ സർവകലാശാലകളിലെ ഗവേഷക സാറാ ഷാജി,
ഡൽഹി സർവകലാശാല അധ്യാപിക ശ്വേത ആന്റണി, കൊറിയ സർവകലാശാല പ്രഫ. സുക് ജൂൻ റോഹ് എന്നിവരും സെമിനാറിന്റെ ഭാഗമായി. കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, കോളജ് ബർസാർ ഫാ. പോൾ കളത്തൂർ, ഇംഗ്ലീഷ് വിഭാഗം മേധാവി മനു സി. സ്കറിയ, പി.ബി. സനീഷ്, സെമിനാർ കണ്‍വീനർമാരായ ജാസ്മിൻ ജോസ്, നിപു തോംസണ്‍ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.