ലൈംഗിക പീഡനം; യുവാവിന് 30 വർഷം തടവും 40,000 രൂപ പിഴയും
1507965
Friday, January 24, 2025 4:41 AM IST
മൂവാറ്റുപുഴ: ഫിസിയോ തെറാപ്പിക്ക് എത്തിയ പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിന് 30 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. പുത്തൻകുരിശ് രാമല്ലൂർ കാണിനാട് കൊടിയാട്ട് വീട്ടിൽ രഞ്ജു കുര്യാക്കോസിനെ (31) യാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. 2021 ഡിസംബർ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിദ്യാർഥിനിക്ക് നിരന്തരം നടുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ഡോക്ടറെ കാണുകയും എക്സ്-റേ പരിശോധനയ്ക്കുശേഷം ഫിസിയോ തെറാപ്പി നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നു. തുടർന്ന് പുത്തൻകുരിശിൽ പ്രവർത്തിച്ചുവന്ന സ്വകാര്യ പാലിയേറ്റീവ് കെയർ സെന്ററിൽ പെൺകുട്ടി മാതാവുമായി ഫിസിയോ തെറാപ്പിക്ക് എത്തി.
പരിശോധനയ്ക്കെന്ന പേരൽ പ്രതി പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കുകയും തുടർന്ന് ഫിസിയോ തെറാപ്പിയുടെ മറവിൽ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെതുടർന്ന് മറ്റൊരു തെറാപ്പിസ്റ്റ് സമീപിച്ചപ്പോഴാണ് ലൈംഗിക അതിക്രമം നടന്നതായി കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കളോടൊപ്പം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ എത്തി പെൺകുട്ടി മൊഴിനൽകി.
തുടർന്ന് വനിത പോലീസ് ഉദ്യോഗസ്ഥ മിനി അഗസ്റ്റിൻ, എസ്ഐ ഏലിയാസ് പോൾ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ടി. ദിലീഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.