വാട്സ്ആപ്പിലൂടെ തട്ടിപ്പ്; മൂന്നുപേർ പിടിയിൽ
1484711
Friday, December 6, 2024 3:32 AM IST
കാക്കനാട്: ഹൈക്കോടതി അഡീഷണൽ ഡയറക്ടർ ജനറലിന്റെ (പ്രോസിക്യൂഷൻസ്) ഫോട്ടോ ഉപയോഗിച്ച് വാട്സ്ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഫേസ്ബുക്ക് മാർക്കറ്റിംഗ് വഴിയും മറ്റും വാഹനം വില്പന സംബന്ധിച്ച് പരസ്യം നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്നുയുവാക്കൾ അറസ്റ്റിൽ.
തിരുവനന്തപുരം സ്വദേശികളായ എസ്. അച്ചു(28), അമൽ ഷാജി (24), വി. വിമൽ(23)എന്നിവരെയാണ് സിറ്റി സൈബർ ക്രൈം പോലീസ് സാഹസിമായി പിടികൂടിയത്. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് മൂവർ സംഘം വലയിലായത്. ദീർഘകാലങ്ങളായി വിവിധ വെബ് സൈറ്റുകളിൽ വാഹനം വിൽക്കാനുണ്ടെന്ന് പരസ്യം നൽകി പലരിൽ നിന്നും അഡ്വാൻസായി പണം വാങ്ങി കബളിപ്പിച്ച ശേഷം ആഡംബര ജിവിതം നയിക്കുകയായിരുന്നു ഇവർ.
തിരുവനന്തപുരം വെട്ടുകാട്, കമലേശ്വരം ഭാഗങ്ങളിൽ നിന്നായി ഇന്നലെയാണ് തട്ടിപ്പുസംഘം അറസ്റ്റിലായത്. ഇവരിൽ നിന്നും ഒട്ടേറെ മൊബൈൽ ഫോണുകളും സിം കാർഡുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സൈബർ ക്രൈം ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത് രാജ്, അയൺ അജി, ബാലന്ദ്രൻ, സിപിഒ ബിനോഷ് സദൻ എന്നിവരും ഉണ്ടായിരുന്നു.