വൈറ്റില സോണല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
1484452
Thursday, December 5, 2024 3:27 AM IST
വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് മേയര്‍
കൊച്ചി: എല്‍ഡിഎഫ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ വൈറ്റില സോണല്‍ റവന്യൂ ഇന്‍സ്പെക്ടറെ സസ്പെൻഡ് ചെയ്ത് മേയര്‍. നിയമ ലംഘനത്തിന്റെ പേരില്‍ ഹൈക്കോടതി പിഴ വിധിച്ച ഹോട്ടല്‍ കെട്ടിടത്തിന് നിയമവിരുദ്ധമായി യുഎ നമ്പര്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന ആദര്‍ശ് ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ ശിപാര്‍ശ ചെയ്തു.
വികസന, നഗരകാര്യ സ്ഥിരം സമിതി അധ്യക്ഷരുടെ പേര് പറഞ്ഞ് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടാണ് ഈ ഉദ്യോഗസ്ഥന് കെട്ടിടത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന ആരോപണം ഭരണപക്ഷ കൗണ്‍സിലര്‍കൂടിയായ പി.എസ്. വിജു കൗണ്‍സിലില്‍ ഉന്നയിച്ചു. കെട്ടിട നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി 2.89 കോടി രൂപ പിഴ വിധിച്ച കെട്ടിടമാണിത്. ഈ ഫയല്‍ നഷ്ടപ്പെട്ടുപോയി എന്ന് പറഞ്ഞ് പുതിയ ഫയല്‍ നിര്‍മിച്ചായിരുന്നു ക്രമക്കേട് നടത്തിയത്.
പുതിയ ഫയലില്‍ ഹൈക്കോടതി പിഴ വിധിച്ച ഭാഗം ഒഴിവാക്കി. പകരം പിഴ ഈടാക്കാതെ ആദര്‍ശ് ചന്ദ്രനും സൂപ്രണ്ട് രാജേശ്വരിയും ചേര്‍ന്ന് കെട്ടിടത്തിന് യുഎ നമ്പര്‍ നല്കി. ഇതിനു പ്രത്യുപകാരമായാണ് 50 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിനു പുറമേ തൈക്കൂടത്തുള്ള മറ്റൊരു കെട്ടിടം തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ ഉടമയില്‍ നിന്ന് ഇതേ ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ടന്ന ആരോപണവും വിജു കൗണ്‍സിലില്‍ ഉന്നയിച്ചു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ മേയര്‍ നടപടിയെടുത്തത്.
കൈക്കൂലി ചോദിച്ചാൽ പരാതിപ്പെടണം: മേയര്‍
കൊച്ചി: തന്റെയോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെയോ കൗണ്‍സിലര്‍മാരുടെയോ പേര് പറഞ്ഞ് ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍. അത്തരത്തില്‍ ആരെങ്കിലും കൈക്കൂലി ആവശ്യപ്പെടുന്നതായി കണ്ടാല്‍ അവര്‍ക്കെതിരെ കോര്‍പറേഷനില്‍ പരാതി നല്‍കണമെന്നും മേയറുടെ പേരിലാണ് ആവശ്യപ്പെടുന്നതെങ്കില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാമെന്നും മേയര്‍ പറഞ്ഞു.
എല്‍ഡിഎഫ് ഭരിക്കുന്ന രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി ഭരണപക്ഷ കൗണ്‍സിലര്‍ അടക്കം ആരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു മേയറുടെ പ്രതികരണം. എല്‍ഡിഎഫിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര് കൈക്കൂലി വാങ്ങുന്നവരല്ല. അവരുടെ പേര് പറഞ്ഞ് ആരെങ്കിലും പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. കോര്‍പറേഷനില്‍ ആര് അഴിമതി കാട്ടിയാലും വച്ചുപൊറുപ്പിക്കില്ലെന്നും മേയര്‍ പറഞ്ഞു.
തന്റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ആര്. റെനീഷ് പറഞ്ഞു. ആരോപണം ഗൗരവമേറിയതാണ്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ മേയറുടെ ശ്രദ്ധിയില്‍പ്പെടുത്തിയിരുന്നു.
ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും റെനീഷ് പറഞ്ഞു. റെനീഷിന് പുറമേ ടൗണ്‍ പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ.സനില്മോന്റെ പേരിലും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയുണ്ട്.