പ്രിൻസിപ്പലിനെ ഉപരോധിച്ചു
1483954
Tuesday, December 3, 2024 3:38 AM IST
മൂവാറ്റുപുഴ: ആരക്കുഴ ഐടിഐയിലെ പ്രിൻസിപ്പലിനെ ഉപരോധിച്ച് കെഎസ്യു പ്രവർത്തകർ. കെഎസ്യു സംസ്ഥാന കമ്മിറ്റി പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിട്ടും ഗ്രൂപ്പ് ഇൻസ്ട്രക്ടർ ടി.വി. വാസുദേവൻ വിദ്യാർഥികളെ വിടാൻ തയ്യാറാകാത്തതോടെയാണ് പ്രിൻസിപ്പലിനെ ഉപരോധിച്ചത്. കെഎസ്യു ജില്ലാ ഉപാധ്യക്ഷൻ അമൽ എൽദോസ് നിരവത്തിന്റെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.
തുടർന്ന് നടത്തിയ ചർച്ചയിൽ ക്ലാസുകൾ വിടാമെന്ന് പ്രിൻസിപ്പൽ സമ്മതിച്ചതോടെയാണ് കെഎസ്യു ഉപരോധം അവസാനിപ്പിച്ചത്. തുടർന്ന് നടന്ന യോഗത്തിൽ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബ്ലെസൻ, യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാസിൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ചകളിലെ ക്ലാസുകൾ കെഎസ് യുവിന്റെ നിരന്തരമായ സമരത്തിലൂടെ പിൻവലിച്ചെങ്കിലും ഇതേ ഉത്തരവിൽ ഷിഫ്റ്റ് സമയക്രമം നേരത്തെ ഉള്ളതു തിരുത്തി രാവിലെ എട്ടിൽ നിന്നും 7.30 ആക്കുകയും രണ്ടാമത്തെ ഷിഫ്റ്റിന്റെ സമയം വൈകുന്നേരം 5.30 വരെ നീട്ടിയതും വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
പല ഐടിഐകളിലേക്കും വിദ്യാർഥികൾക്ക് സമയത്ത് എത്തിച്ചേരാൻ വാഹന സൗകര്യം പോലും ഇല്ല. ക്ലാസുകളുടെ സമയം 7.30 മുതൽ മൂന്നു വരെ എന്നത് 8.40 മുതൽ മൂന്നു വരെയും, 10 മുതൽ 5.30 എന്നത് 10 മുതൽ 4.10 എന്നുമാക്കി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്യു സംസ്ഥാന കമ്മിറ്റി പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തത്.