ഓണ്‍ലൈന്‍ ട്രേഡിംഗ്: 77.5 ലക്ഷം തട്ടിയ രണ്ടു പേര് അറസ്റ്റില്‍
1478889
Thursday, November 14, 2024 4:04 AM IST
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്ത് പാലാരിവട്ടം സ്വദേശിയായ റിട്ട. എന്‍ജിനീയറില്‍നിന്ന് 77.5 ലക്ഷം തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍ . പാലക്കാട് നാട്ടുകല്‍ കലംപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍ (32), ബന്ധു മണ്ണാര്‍ക്കാട് കൊട്ടിയോട് മുസ്തഫ (51) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.
പ്രമുഖ ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. റിട്ട. എന്‍ജിനീയറെ ഓഗസ്റ്റില്‍ വാട്സ് ആപ്പിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വമ്പിച്ച ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ രണ്ട് അക്കൗണ്ടില്‍നിന്ന് 77.5 ലക്ഷം രൂപ വാങ്ങി.
തുടര്‍ന്ന് ഈ പണം വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. പണം കൈക്കലാക്കാന്‍ അബ്ദുള്‍ മുനീറിനെക്കൊണ്ട് മുസ്തഫ പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു. ഈ അക്കൗണ്ടിലെത്തിയ ആറ് ലക്ഷം രൂപ മറ്റു പ്രതികളുടെ സഹായത്തോടെ ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളില്‍പ്പെട്ട കേരളത്തിലെ ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
എറണാകുളം എസിപി പി.രാജ്കുമാര്, പാലാരിവട്ടം ഇന്‍സ്പെക്ടര്‍ എ.ഫിറോസ്, എസ്ഐമാരായ ഒ.എസ്. ഹരിശങ്കര്‍, സീനിയര്‍ സിപിഒമാരായ സുരജ്, പ്രശാന്ത്, അനീഷ് എന്നിവര്‍ പാലക്കാട് പോലീസിന്റെ സഹായത്തോടെ മണ്ണാര്‍കാട്ടുനിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.