ലൈസന്‍സ് ഇല്ലാത്തവരും വാഹനവുമായി നിരത്തിൽ
1478688
Wednesday, November 13, 2024 5:20 AM IST
കൊച്ചി: ലൈസന്‍സ് ഇല്ലെങ്കിലും ജില്ലയില്‍ വാഹനം ഓടിക്കുന്നവര്‍ നിരവധി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പുറമേ മുതിര്‍ന്നവരും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നുണ്ട്. അടുത്തയിടെ മകനെ ഡ്രൈവിംഗ് ടെസ്റ്റിന് ഗ്രൗണ്ടിലെത്തിച്ച അച്ഛന് ലൈസന്‍സ് ഇല്ലെന്ന് കണ്ട് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയിരുന്നു. ഇതിനുപിന്നാലെ ലൈസന്‍സ് ഇല്ലാത്ത വിദ്യാര്‍ഥി സുഹൃത്തിനെ ഇരുചക്രവാഹനം ഓടിക്കാന്‍ പഠിപ്പിച്ച സംഭവത്തിലും മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടു. എന്നാല്‍ നിയമലംഘനങ്ങള്‍ പെരുകുമ്പോഴും നിരത്തില്‍ എംവിഡിയുടെ കാര്യമായ പരിശോധനകള്‍ ഇല്ലെന്നതാണ് വസ്തുത.
നഗരത്തിലെ കോളജുകളില്‍ ഇരുചക്രവാഹനങ്ങളിലെത്തുന്ന വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പലപ്പോഴും ലൈസന്‍സ് ഇല്ലാത്ത വിദ്യാര്‍ഥികളാണ് കൈകാര്യം ചെയ്യുന്നത്. ഇതടക്കം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാത്തത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.
25 കിലോമീറ്റര്‍ വേഗതയില്‍ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിന് ലൈസന്‍സ് ആവശ്യമില്ലാതായതോടെ ചെറിയ കുട്ടികളടക്കമാണ് ഇത്തരം സ്കൂട്ടറുകളില്‍ യാത്ര. അതേസമയം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച അത്യാധുനിക കാമറകളടക്കം നിര്‍ജീവാവസ്ഥയിലാണ്.
ഇതിനുപുറമേ വാഹനങ്ങളുടെ മരണപ്പാച്ചിലും സ്ഥിരം കാഴ്ചയാണ്. സമയം നോക്കി സ്വകാര്യ ബസുകളുടെ അമിതവേഗതയ്ക്കൊപ്പം ഇരുചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പായുന്നതോടെ നഗരത്തിലെ കാല്‍നട യാത്രയും ദുഷ്കരമായിരിക്കുകയാണ്.
കാല്‍നട യാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന നടപ്പാതകള്‍ വാഹനങ്ങള്‍ കൈയേറുകയാണ്. റോഡ് മുറിച്ചു കടക്കാന്‍ സീബ്രാലൈനില്‍ നിന്നാലോ, വാഹനങ്ങള്‍ നിർത്താത്ത സ്ഥിതിയും. വിദ്യാര്‍ഥികളും പ്രായമായവരും പലപ്പോഴും ഹോം ഗാര്‍ഡുകളെയും പോലീസിനെയും ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഇതിനുപുറമേ രാത്രികാലങ്ങളില്‍ നഗരത്തില്‍ ന്യൂജെന്‍ ബൈക്കുകളുമായി മത്സരയോട്ടം നടത്തുന്ന സംഭവങ്ങളുമുണ്ട്. ഏബ്രഹാം മടമാക്കല്‍ റോഡ് പരിസരം, ക്യൂന്‍സ് വാക്ക് വേ എന്നിവിടങ്ങളിലാണ് ഇരുചക്ര വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങള്‍.