എറണാകുളം മികവുകാട്ടി, പക്ഷേ...മാർ ബേസിൽ മങ്ങിയത് ജില്ലയ്ക്ക് തിരിച്ചടിയായി
1478358
Tuesday, November 12, 2024 5:07 AM IST
കൊച്ചി: ഒളിമ്പിക്സ് മാതൃകയില്‍ ഗയിംസ്, അക്വാട്ടിക്സ് ഇനങ്ങളും അത്ലറ്റിക്സ് ഇനങ്ങളും ഒരുമിച്ച് നടത്തിയ പ്രഥമ കേരള സ്കൂള്‍ കായിക മേളയില്‍ എറണാകുളത്തിന് മുന്നേറ്റം. അത്ലറ്റിക്സ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുപടികൂടി മുന്നേറി ജില്ല മൂന്നാമതെത്തി. കുന്നംകുളത്ത് നടന്ന സ്കൂള്‍ മീറ്റില്‍ നാലാമതായിരുന്നു എറണാകുളത്തിന്റെ സ്ഥാനം.
അക്വാട്ടിക്സ് ഇനത്തില്‍ വലിയ തിരിച്ചുവരവാണ് ജില്ല നടത്തിയത്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തു നിന്ന് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറാനായി. അതേസമയം ഗെയിംസ് ഇനത്തില്‍ ഏഴാമതാണ് ജില്ലയുടെ സ്ഥാനം. ഓവറോള്‍ പട്ടികയിലും കണ്ണൂരിന് പിന്നില്‍ ആറാമതാണ് എറണാകുളം.
55 സ്വര്‍ണവും 73 വെള്ളിയും 80 വെങ്കല മെഡലും അടക്കം 645 പോയിന്റാണ് ജില്ലയ്ക്ക് ആകെയുള്ളത്. അത്ലറ്റിക്സിൽ എട്ട് സ്വര്‍ണവും ഒന്‍പത് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 73 പോയന്റുണ്ട്. ഈ വിഭാഗത്തില്‍ മികച്ച സ്കൂളുകളുടെ പട്ടികയില്‍ 43 പോയിന്റുമായി ജില്ലയിലെ ചാന്പ്യൻ സ്കൂളായ കോതമംഗലം മാര്‍ ബേസില്‍ മൂന്നാം സ്ഥാനത്തുണ്ട്.
അക്വാട്ടിക്സ് വിഭാഗത്തില്‍ 13 സ്വര്‍ണവും 21 വെള്ളിയും 12 വെങ്കലവുമടക്കം 162 പോയിന്റാണ് ജില്ലയുടെ സന്പാദ്യം. ഈ വിഭാഗത്തില്‍ കളമശേരി ഗവ.എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ് മികച്ച സ്കൂളുകളുടെ പട്ടികയില്‍ മൂന്നാമതുണ്ട്. ഗെയിംസ് വിഭാഗത്തില്‍ 34 സ്വര്‍ണവും 43 വെള്ളിയും 63 വെങ്കലവുമടക്കം 410 പോയിന്റുമായി പട്ടികയില്‍ ഏഴാമതാണ് എറണാകുളം.
ജില്ലയില്‍ നിന്നുള്ള രണ്ടു താരങ്ങള്‍ റിക്കാര്‍ഡ് തിരുത്തിയ പ്രകടനം നടത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ജീന ബേസിലും സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ശിവദേവ് രാജീവുമാണ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയത്. ഇരുവരും കോതമംഗലം മാര്‍ ബേസിൽ താരങ്ങളാണ്. സീനിയർ ആൺകുട്ടികളുടെ നൂറു മീറ്ററിൽ കീരന്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ അസാഫ് കെ.അഷറഫ് വേഗരാജാവായതും ജില്ലയുടെ നേട്ടമായി.
11 വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം മണ്ണില്‍ മഹാമേള തിരിച്ചെത്തുമ്പോള്‍ കിരീടം തിരിച്ചുപിടിക്കാമെന്ന മോഹവുമായാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തില്‍ സ്കൂള്‍ ചാമ്പ്യന്‍പട്ടം നഷ്ടമായ മാര്‍ ബേസിലിന് ഇത്തവണ പ്രതീക്ഷിച്ചപോലെ കരുത്ത് വീണ്ടെടുക്കാനായില്ല.
2019 ല്‍ 21 സ്വര്‍ണമുള്‍പ്പെടെ 157 പോയിന്റ് നേടിയ എറണാകുളത്തിന് കോവിഡിന് ശേഷം 2022 ല്‍ നടന്ന മീറ്റില്‍ ലഭിച്ചത് 81 പോയിന്റു മാത്രമാണ്. തൃശൂരില്‍ 12 സ്വര്‍ണം ഉള്‍പ്പെടെ 88 പോയിന്റ് ലഭിച്ചു. ഇത്തവണ പക്ഷെ 73 പോയിന്റേ നേടാനായുള്ളൂ. മുന്‍പ് വർഷങ്ങളോളം സംസ്ഥാന സ്കൂൾ കായിക മേളകൾ അടക്കിവാണ എറണാകുളത്തിന് കോതമംഗലം മാര്‍ ബേസിലിന്റെ കരുത്തിലുണ്ടായ ചോർച്ചയും സെന്റ് ജോര്‍ജിന്റെ പിന്വാങ്ങലുമൊക്കെയാണ് പോയ വർഷങ്ങളിൽ തിരിച്ചടിയായത്.