മുളവൂരിൽ പെരിയാർവാലി ബ്രാഞ്ച് കനാൽ ബണ്ട് റോഡ് തകർന്നു
1478142
Monday, November 11, 2024 4:09 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് അഞ്ചാം വാർഡ് മുളവൂരിൽ പെരിയാർവാലി ഇറിഗേഷന്‍ കീഴിലുള്ള ആയക്കാട്-മുളവൂർ ബ്രാഞ്ച് കനാൽ ബണ്ട് റോഡിലെ രണ്ട് സ്ഥലങ്ങൾ തകർന്നു.
വർഷങ്ങൾക്ക് മുമ്പാണ് തൈക്കാവുംപടി-പള്ളിത്താഴം കനാൽ ബണ്ട് റോഡിലെ മരങ്ങാട്ട് താഴത്ത് കനാൽ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി ആദ്യം ഇടിഞ്ഞത്. ഇവിടെ നന്നാക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പൊന്നിരിക്കപ്പറമ്പ്- പള്ളിത്താഴം കനാൽ ബണ്ട് റോഡിലെ പൂമംഗലത്താഴത്ത് റോഡിൽ വിള്ളൽ രൂപപ്പെടുകയും ഭാരവാഹനങ്ങൾ അടക്കം സഞ്ചരിച്ചതോടെ റോഡിന്റെ സംരക്ഷണഭിത്തി ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലുമായത്. സ്കൂൾ ബസുകൾ ഉൾപ്പടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഏത് സമയത്തും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
എന്നാൽ റോഡിന്റെ അവകാശികളായ പെരിയാർവാലിയിൽ വിവരം അറിയിച്ചാൽ ഫണ്ടില്ലന്ന കാരണം പറഞ്ഞ് കൈയൊഴിയുകയാണ് പതിവ്. പെരിയാർവാലി, ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളോ എംഎൽഎ, എംപി ഫണ്ടോ ഉപയോഗിച്ച് റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .