ചാത്തമറ്റം മേഖലയിൽ കാട്ടാനശല്യം
1478686
Wednesday, November 13, 2024 5:20 AM IST
പോത്താനിക്കാട്: ചാത്തമറ്റം, ഒറ്റക്കണ്ടം പ്രദേശങ്ങളിൽ കാട്ടാനശല്യം പതിവായതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തിങ്കളാഴ്ച രാത്രി 10.30 മുതൽ പുലർച്ചെ 4.15 വരെ ചാത്തമറ്റം മേഖലയിലെ വിവിധ പുരയിടങ്ങളിലൂടെ മൂന്നു കാട്ടാനകളാണ് കറങ്ങിനടന്നത്. തയ്യിൽ ജോണ്, കക്കുഴിയിൽ ഷെറിൻ, പഞ്ചായത്ത് മുൻ അംഗം വി.ടി. വിജയൻ, പടിഞ്ഞാറ്റിൽ ബാബു, കോഴിമുള്ളോരത്ത് ദേവസ്യ, പരീക്കമോളേൽ ഓനച്ചൻ, വെട്ടിയാംകണ്ടത്തിൽ പാപ്പച്ചൻ എന്നിവരുടെ പുരയിടങ്ങളിലെ വാഴ, കമുക്, തെങ്ങ്, പന തുടങ്ങിയ കൃഷികൾ കാട്ടാനകൾ നശിപ്പിച്ചു. ചീരകത്തോട്ടം ഷാജിയുടെ വീടിന്റെ ചുറ്റുമതിലും ആനക്കൂട്ടം തകർത്തു.
ചാത്തമറ്റം ഗാർഡ് സ്റ്റേഷനിൽനിന്നെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും തീക്കൂന കൂട്ടിയും ദീർഘനേരം നടത്തിയ പരിശ്രമഫലമായാണ് ആനകളെ പൊത്തൻചീനി വനത്തിലേക്ക് തിരിച്ചയക്കാനായത്. പ്രദേശത്ത് ഒരു മാസത്തിനിടെ മാത്രം ഏഴു തവണ കാട്ടാനകൾ കൃഷി നശിപ്പിച്ചതായി കർഷകർ പറഞ്ഞു.
വന്യമൃഗശല്യം പൂർണമായി ഒഴിവാക്കുന്നതിനുള്ള അടിയന്തര ഇടപെടലുകൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.