നൂറോളം തെരുവ് നായ്ക്കൾക്ക് കുത്തിവയ്പ്പെടുത്തു
1478356
Tuesday, November 12, 2024 5:07 AM IST
ചെല്ലാനം: തെരുവ് നായ്ക്കളുടെ ശല്യമേറുന്നതായി പരാതിയുയർന്നതിനെ തുടർന്ന് ചെല്ലാനത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവ് നായക്കൾക്ക് പേവിഷ ബാധ കുത്തിവയ്പ്പെടുക്കാൻ പ്രത്യേക സ്ക്വാഡ് ഇറങ്ങി. പഞ്ചായത്തിന്റെ നിർദശമനുസരിച്ച് അനിമൽ റെസ്ക്യൂ കൊച്ചി, മിഷൻ റാബീസ് എന്നി സംഘടനകളുടെ സ്ക്വാഡുകളാണ് ചെല്ലാനത്ത് എത്തിയത്. ഇവർ പിടികൂടിയ നായ്ക്കൾക്ക് പേവിഷ ബാധ ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക വാക്സിൻ നൽകി വിട്ടയച്ചു.
ചെല്ലാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നായി 100 ഓളം നായ്ക്കളെയാണ് ഇന്നലെ പിടികൂടിയത്. ഹാർബർ ഭാഗത്തുനിന്ന് മാത്രം 60 ഓളം നായ്ക്കളെ സംഘം പിടികൂടി.
ഇൻജക്ഷൻ നൽകിയ നായ്ക്കളുടെ ദേഹത്ത് അടയാളവും നൽകിയിട്ടുണ്ട്. 20 ഓളം പേരടങ്ങിയ സ്ക്വാഡ് പ്രത്യേക വലകൾ ഉപയോഗിച്ചാണ് നായ്ക്കളെ പിടികൂടിയത്.