പാറക്കടവ് പഞ്ചായത്തിൽ എൽഡിഎഫ് പ്രതിഷേധം
1478884
Thursday, November 14, 2024 4:04 AM IST
നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ ഭരണസ്തംഭനത്തിൽ പ്രതിഷേധവുമായി എൽഡിഎഫ് അംഗങ്ങൾ. പഞ്ചായത്തിൽ നടന്ന അടിയന്തര യോഗത്തിൽ മാലിന്യ സംസ്കരണത്തിന് ഹരിതകർമ സേനയ്ക്ക് വാഹനം വാങ്ങുന്ന പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു.
ഈ പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്നാണ് ഭരണകക്ഷി നിലപാട്. വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ്സ്തുക്കൾ ചാക്ക് കണക്കിന് റോഡുകളിൽ ശേഖരിച്ചു വെച്ചിരിക്കുകയാണ്. ഇത് എംസിഎഫിലേക്ക് കൊണ്ടുപോകുന്നതിനാണ് വാഹനം വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ അത് നടപ്പിലാക്കാതെയാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നത്. ഇതിനെതിരെ എൽഡിഎഫ് മെമ്പർമാരോടൊപ്പം. സ്വതന്ത്ര മെമ്പറായ സെബാസ്റ്റ്യൻ വാഴക്കാലയും യുഡിഎഫ് മെമ്പറായ കല്ലറയ്ക്കൽ പൗലോസും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാജമ്മ വാസുദേവനും യോഗം ബഹിഷ്കരിച്ചു.
സമരത്തിനിടെ സ്വതന്ത്ര മെമ്പറായ സെബാസ്റ്റ്യൻ വാഴക്കാല പ്രസിഡന്റിനെയും യുഡിഎഫ് മെമ്പർമാരെയും രണ്ടു ഉദ്യോഗസ്ഥരെയും റൂമിലിട്ട് താഴിട്ട് പൂട്ടിയാണ് പ്രതിഷേധിച്ചത്. ചെങ്ങമനാട് പോലീസ് എത്തിയാണ് റൂം തുറന്നത്. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരേ തുടർന്നും ശക്തമായി പ്രതികരിയ്ക്കുമെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. മെമ്പർമരായ ജിഷ ശ്യം , പി.ആർ. രാജേഷ്, രാഹുൽ കൃഷ്ണൻ,ആശ ദിനേശൻ, മിനി ജയസൂര്യൻ, ശാരദ ഉണ്ണികൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.