തൃക്കാക്കര നഗരസഭയിൽ കുട്ടികളിൽ മുണ്ടിനീർ വ്യാപനം
1478691
Wednesday, November 13, 2024 5:20 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിൽ കുട്ടികളിൽ മുണ്ടിനീർ വ്യാപനം കണ്ടെത്തി. അഞ്ചു മുതൽ എട്ടു വയസുവരെയുള്ള കുട്ടികളിലാണ് രോഗവ്യാപനം കണ്ടെത്തിയത്. തൃക്കാക്കരയിലെ ഒരു സ്കൂളിൽ എൽകെജി, യുകെജി വിഭാഗത്തിൽപ്പെട്ട 38 കുട്ടികളിൽ രോഗബാധ സ്ഥിരീകരിച്ചു.
യുകെജി വിദ്യാർഥിയുടെ മാതാവിനും രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടു സ്കൂളുകളിൽ രോഗലക്ഷണമുള്ളതായി കണ്ടെത്തിയ അന്പതോളം കുട്ടികളെ രോഗം ഭേദമായ ശേഷം സ്കൂളുകളിലേക്ക് അയച്ചാൽ മതിയെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. അഞ്ചു മുതൽ 15 വയസു വരെയുള്ള കുട്ടികളിലാണ് രോഗ സാധ്യതയെങ്കിലും എട്ടു വയസ് വരെയുള്ള കുട്ടികളിൽ രോഗം പടരാനുള്ള സാധ്യത ഏറെയാണ്. പരാമിക്സോ വൈറസുമൂലം ഉണ്ടാകുന്ന മുണ്ടിനീർരോഗം മൂലം ഗ്ലാൻഡുകൾ നീരുവന്നു വീങ്ങും. പനി, ശരീരവേദന, എന്നിവയും ലക്ഷണങ്ങളിൽപ്പെടും.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാത്രമല്ല സ്പർശനത്തിലൂടെയും രോഗം പകരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് രോഗ ലക്ഷണം കണ്ടുതുടങ്ങുക.
മുണ്ടിനീർ ബാധ കണ്ടെത്തിയ സ്കൂളുകളിൽ, ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം കാക്കനാട്, തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ എത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
മെഡിക്കൽ ഓഫീസർ ഡോ. മേഘ്ന രാജ് അടക്കമുള്ള സംഘം സ്കൂളുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എറണാകുളം ജില്ലാ മെഡിക്കൽ സർവൈലൻസ് ഓഫീസറും സ്കൂളുകൾ സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകി.