പ്രമീള ഗിരീഷ്കുമാറിന്റെ അയോഗ്യത ഹൈക്കോടതി ശരിവച്ചു
1478874
Thursday, November 14, 2024 4:03 AM IST
മൂവാറ്റുപുഴ: കൂറുമാറ്റ പരാതിയിൽ മൂവാറ്റുപുഴ നഗരസഭ 12-ാം വാർഡംഗം പ്രമീള ഗിരീഷ് കുമാറിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കൽപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. 2014 മാർച്ച് ഏഴിനാണ് ഇത് സംബന്ധിച്ച് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പ്രമീള സമർപ്പിച്ച ഹർജി ജസ്റ്റീസ് മുഹമ്മദ് നിയാസ് തള്ളി . കൂറുമാറ്റം തെളിഞ്ഞതായും അയോഗ്യത നിലനിൽക്കുമെന്നും ഉത്തരവിലുണ്ട്.
തുടർച്ചയായി മൂന്ന് പ്രാവശ്യം പാർട്ടി വിപ്പ് ലംഘിച്ചതിലും യുഡിഎഫിൽ നിന്ന് കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്നതിനുമെതിരെ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെതുടർന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കൽപ്പിച്ചത്. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ച് 2020ൽ വിജയിച്ച പ്രമീള ഗിരീഷ് കുമാർ വൈസ് ചെയർപഴ്സണ്‍ തെരഞ്ഞെടുപ്പിൽ നിന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപഴ്സണ്‍ തെരഞ്ഞെടുപ്പിൽനിന്നും വിട്ടുനിന്നിരുന്നു. തുടർന്ന് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപഴ്സണായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രയായ രാജശ്രീ രാജുവിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. യുഡിഎഫ് സ്ഥാനാർഥി ബിന്ദു ജയനെതിരെ വോട്ട് ചെയ്ത് എൽഡിഎഫ് പിന്തുണയോടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്ന് അധികാരത്തിലേറിയതോടെയാണ് പ്രമീള ഗിരീഷ്കുമാറിനെതിരെ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പരാതി നൽകിയത്. അയോഗ്യത ഉത്തരവിനെതിരെ പ്രമീള ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും എൽദോസ് കക്ഷി ചേർന്നിരുന്നു. അഭിഭാഷകൻ കെ.സി. വിൻസന്റ് കോടതിയിൽ ഹാജരായി. യുഡിഎഫ് നൽകിയ രണ്ട് കേസുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി പ്രഖ്യാപിച്ചിരുന്നത്. രണ്ടും ഹൈക്കോടതി ശരിവച്ചു. അയോഗ്യയായക്കപ്പെട്ടതിനാൽ ആറ് വർഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിലും പ്രമീളയ്ക്ക് മത്സരിക്കാൻ കഴിയില്ല.