വാട്ടർ അഥോറിറ്റി ഓഫീസ് വളഞ്ഞ് സമരം
1478357
Tuesday, November 12, 2024 5:07 AM IST
വൈപ്പിൻ: കുടിവെള്ളം കിട്ടാക്കനിയായതോടെ മഞ്ഞനക്കാട് നിവാസികൾ വാട്ടർ അഥോറിറ്റി ഓഫീസ് വളഞ്ഞ് കുത്തിയിരുപ്പ് സമരം നടത്തി. ഞാറക്കൽ പഞ്ചായത്തിലെ മഞ്ഞനക്കാട് കിഴക്കേ അപ്പങ്ങാട് പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളും അടക്കമുള്ളവരാണ് മാലിപ്പുറത്തെ ഓഫീസിനു മുന്നിൽ സമരം നടത്തിയത്.
കഴിഞ്ഞ മൂന്നാഴ്ചയായി ഇവിടേക്ക് കുടിവെള്ളം എത്തുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. തുടർന്ന് പഞ്ചാത്തംഗമായ എൻ.എ. ജോർജിന്റെ നേതൃത്വത്തിൽ രാവിലെ 9.30 ആരംഭിച്ച സമരം വാട്ടർ അഥോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ അടക്കമുള്ളവരുമായി ചർച്ച നടത്തി ഉറപ്പുകൾ നൽകിയതിനെ തുടർന്നാണ് പിൻവലിച്ചത്. ഉൾപ്രദേശങ്ങളിലെ ലൈനുകളിൽ തടസങ്ങളില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. അതേസമയം മഞ്ഞനക്കാട് കലുങ്കിനടിയിൽ കണ്ടെത്തിയ തകരാർ പരിഹരിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം വെള്ളമെത്തിയില്ലെങ്കിൽ ടാങ്കറിൽ വെള്ളമെത്തിച്ച് പൈപ്പ് ലൈനിലേക്ക് പമ്പു ചെയ്യാമെന്നും, ശേഷം മെയിൻ റോഡിൽനിന്നും മഞ്ഞനക്കാട്ടേക്ക് വെള്ളം കടത്തിവിടുന്ന ഭാഗം തുറന്ന് പരിശോധിക്കാമെന്നുമാണ് അധികൃതരുടെ ഉറപ്പ്.
കൂടാതെ പെരുമ്പിള്ളിയിൽ എത്തിനിൽക്കുന്ന ഹഡ്കോ ലൈനിൽ നിന്ന് അപ്പങ്ങാട് കനാലിലൂടെ മഞ്ഞനക്കാട്ടേക്ക് ഒരു ഇന്റർലിങ്ക് കണക്ഷൻ നൽകാമെന്നും ധാരണയുണ്ട്. നായരമ്പലം ബൂസ്റ്റർ പമ്പു ഹൗസിലും, പറവൂർ പമ്പ് ഹൗസിലും രണ്ടു മണിക്കൂർ ഇടവിട്ട് മർദ്ദം പരിശോധിച്ച് ഫലം വാർഡ് മെമ്പർക്ക് കൈമാറാമെന്നും ഉറപ്പു നൽകിയതിന് ശേഷമാണ് സമരക്കാർ പിരിഞ്ഞു പോയത്.