"വടി'യെടുത്ത് മോട്ടോർ വാഹന വകുപ്പ്
1478872
Thursday, November 14, 2024 4:03 AM IST
കാക്കനാട്: കൊച്ചി നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ യാത്രക്കാരിൽ നിന്നും അമിത കൂലി ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ നിയമലംഘനം നടത്തുന്ന ഓട്ടോകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ പത്ത് ഓട്ടോറിക്ഷകൾ അധികൃതർ പിടികൂടി. മീറ്റർ ഉണ്ടായിട്ടും അവ പ്രവർത്തിപ്പിക്കാതിരുന്നതിനാണ് അധികം പേരും പിടയിലായത്.
പിടികൂടിയവയിൽ ഒന്പതെണ്ണത്തിലും മീറ്റർ പ്രവർത്തിച്ചിരുന്നില്ല. ഇൻഷ്വറൻസ്, ലൈസൻസ് എന്നിവ ഇല്ലാതെ നർവീസ് നടത്തിയ ഓട്ടോറിക്ഷകളും പിടിയിലായതായി അധികൃതർ പറഞ്ഞു. ഇവരിൽ നിന്നും പിഴയിനത്തിൽ 23,500 രൂപ ഈടാക്കി. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൻ ആർടിഒ കെ. മനോജിന്റെ നിർദേശപ്രകാരം അഞ്ച് വെഹിക്കിൾ ഇൻസ്പെക്ടർമാർ യാത്രക്കാരെന്ന വ്യാജേന വേഷം മാറിയാണ് പരിശോധനയ്ക്കിറങ്ങിയത്.
എംവിഐമാരായ ദിപു പോൾ, സി.എൻ. ഗുമദേഷ്, ടി.എസ്. സജിത്, അരുൺ പോൾ, ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓട്ടോ ചാർജിന്റെ പേരിൽ യാത്രക്കാരിൽ നിന്നും അമിത കൂലി ഈടാക്കുന്നവർക്കെതിരേ വരും ദിവസങ്ങളിലും കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.