ഗോശ്രീ സമാന്തര പാലങ്ങൾക്ക് നടപടി തുടങ്ങിയെന്ന് മന്ത്രി
1459701
Tuesday, October 8, 2024 7:27 AM IST
വൈപ്പിൻ: ഗോശ്രീയുടെ ഒന്നും മൂന്നും പാലങ്ങൾക്ക് സമാന്തര പാലം നിർമിക്കുന്നത് സംബന്ധിച്ച പ്രാഥമിക നടപടികൾ ആരംഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചതായി എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ.
വർധിക്കുന്ന വാഹന പെരുപ്പവും തീരദേശ ഹൈവേയുടെ സാധ്യതയും കണക്കിലെടുത്താണ് സമാന്തര പാലങ്ങൾക്കായി നടപടി സ്വീകരിച്ചത്. ഒപ്പം എളങ്കുന്നപ്പുഴ പൂക്കാട് നിന്ന് നഗരത്തിലേക്ക് പാലം നിർമിക്കുന്നതിന് ഇൻവെസ്റ്റിഗേഷൻ നടത്താൻ ബ്രിഡ്ജസ് വിഭാഗത്തിനു നിർദേശം നൽകിയതായും മന്ത്രി റിയാസ് അറിയിച്ചു.
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അവതരിപ്പിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ ഗോശ്രീയിലെ മൂന്നു പാലങ്ങളിൽ രണ്ടാമത്തേതിനു സമാന്തരമായൊന്നുണ്ട്. ഒന്നും മൂന്നും പാലങ്ങൾക്കാണ് ഇനി സമാന്തര പാലങ്ങൾ വേണ്ടത്.